'നീല നിറത്തിലുള്ള ഡ്രമ്മാണ് ഇപ്പോൾ താരം, ഭര്‍ത്താക്കൻമാര്‍ ഞെട്ടലിലാണ്, നന്ദി ദൈവമെ...ഞാൻ വിവാഹിതനല്ല' ; ബാഗേശ്വര്‍ ബാബയുടെ പരാമര്‍ശത്തിൽ വിവാദം

മാര്‍ച്ച് മൂന്നിന് രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്

Update: 2025-03-27 10:58 GMT
Editor : Jaisy Thomas | By : Web Desk

മീററ്റ്: രാജ്യത്തെ നടുക്കിയ മീററ്റ് കൊലക്കേസുമായി ബന്ധപ്പെട്ട് ഹിന്ദുമത പ്രഭാഷകൻ ബാഗേശ്വര്‍ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി നടത്തിയ പരാമര്‍ശം വിവാദത്തിൽ. ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് മാതാപിതാക്കളുടെ വളര്‍ത്തുഗുണം കൊണ്ടാണെന്നും വിവാഹിതനല്ലാത്തതിന് ദൈവത്തോട് നന്ദി പറയുന്നതായും ബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''ഇപ്പോൾ നീല നിറത്തിലുള്ള ഡ്രമ്മാണ് രാജ്യത്തെ ശ്രദ്ധാകേന്ദ്രം. ഭര്‍ത്താക്കന്‍മാര്‍ ഞെട്ടലിലാണ്. നന്ദി ദൈവമെ...ഞാൻ വിവാഹിതനല്ല'' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യത്തിന് ബാബയുടെ പരിഹാസത്തോടെയുള്ള മറുപടി. മര്‍ച്ചന്‍റ് നേവി മുൻ ഉദ്യോഗസ്ഥനായ സൗരഭ് രജ്‍പുത്തിനെ ഭാര്യ മുസ്കാൻ റോസ്തഗിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയും മൃതദേഹം ഡ്രമ്മിലാക്കി അടച്ച് സിമന്‍റ് തേയ്ക്കുകയുമായിരുന്നു. '' മീററ്റ് കേസ് അത്യധികം ദൗര്‍ഭാഗ്യകരമാണ്. കുടുംബവ്യവസ്ഥ നശിച്ചുകൊണ്ടിരിക്കുന്നു, പാശ്ചാത്യ സംസ്കാരത്തിന്‍റെ സ്വാധീനം, വിവാഹിതരായ സ്ത്രീപുരുഷന്മാർ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നത് കുടുംബങ്ങളെ നശിപ്പിക്കുന്നു..."അദ്ദേഹം എഎൻഐയോട് പറഞ്ഞു. ''മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. ആരുടെയെങ്കിലും മകനോ മകളോ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നുണ്ടെങ്കിൽ, അതിനർത്ഥം അവർക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട്, ഒരു സംസ്കാരസമ്പന്നമായ കുടുംബം കെട്ടിപ്പടുക്കുന്നതിന്, ഓരോ ഇന്ത്യാക്കാരനും ശ്രീരാമചരിതമാനസത്തെ അടിസ്ഥാനമായി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

മാര്‍ച്ച് മൂന്നിന് രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. മുസ്‌കന്‍ സൗരഭിന് മയക്കുമരുന്ന് കുത്തി വച്ച് ബോധം കെടുത്തി. മുസ്‌കനും കാമുകൻ സഹിലും ചേര്‍ന്ന് അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം 15 കഷ്ണങ്ങളാക്കി മുറിച്ച് സിമന്‍റ് ഉപയോഗിച്ച് ഡ്രമ്മിനുള്ളിൽ അടച്ചു. തുടര്‍ന്ന് ഇരുവരും അവധിക്കാലം ആഘോഷിക്കാനായി ഹിമാചൽപ്രദേശിലേക്ക് പോവുകയും രജ്പുതിന്‍റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹത്തിന്‍റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ചിരുന്നു.  മാര്‍ച്ച് 18ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയും ചെയ്തു. കുടുംബത്തിന്‍റെ എതിര്‍പ്പിനെ മറികടന്ന് 2016നാണ് മുസ്കാനും രജ്പുത്തും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ആറ് വയസുള്ള മകളുമുണ്ട്. സ്കൂൾ കാലം മുതൽ മുസ്കാനും സാഹിലും സുഹൃത്തുക്കളായിരുന്നു 2019 ൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി വീണ്ടും പരിചയം പുതുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News