'തരൂര്‍ ബിജെപിയുടെ അഭിഭാഷകൻ'; പഹൽഗാം പ്രതികരണത്തിൽ വിമര്‍ശനവുമായി കോൺഗ്രസ്
'കേന്ദ്ര ഏജന്‍സികളായ ഇഡിയോടും സിബിഐയോടും ആദായ നികുതി വകുപ്പിനോടുമൊക്കെയുള്ള ഭയമായിരിക്കാം തരൂരിനെ സ്വാധീനിക്കുന്നത്.'
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപി നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയാണ് ഉദിതിനെ പ്രകോപിപ്പിച്ചത്.
''കുറ്റമറ്റതായൊരു ഇന്‍റലിജന്‍സ് സാധ്യമല്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച ഇന്‍റലിജന്‍സ് സംവിധാനം ഉള്ളതായി കണക്കാക്കപ്പെടുന്ന ഇസ്രായേലിന്‍റെ ഉദാഹരണം നമുക്കുണ്ട് -ഒക്ടോബർ ഏഴിലെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. യുദ്ധം അവസാനിക്കുന്നതുവരെ ഇസ്രായേൽ കാത്തിരിക്കുന്നതുപോലെ, ഇപ്പോഴത്തെ പ്രതിസന്ധിയും നമ്മൾ കാണണം. എന്നിട്ടാണ് സർക്കാറിനെ കുറ്റപ്പെടുത്തേണ്ടത്'' എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. ഇതിനോട് ശശി തരൂര്‍ ബിജെപി വാക്താവാണോയെന്നും സൂപ്പര്‍ ബിജെപിയാവാന്‍ ശ്രമിക്കുകയാണോയെന്നും ഉദിത് രാജ് ചോദിച്ചിരുന്നു.
ഇത്തരം പ്രസ്താവനകളിലൂടെ തന്റെ സഹപ്രവർത്തകൻ ബിജെപിയുടെ അഭിഭാഷകനായി മാറിയെന്നായിരുന്നു രാജിന്‍റെ വിമര്‍ശനം. നൂറുശതമാനം കുറ്റമറ്റ ഇന്‍റലിജൻസ് സംവിധാനം ഒരു രാജ്യത്തിനുമുണ്ടാകില്ലെന്നാണ് ശശി തരൂർ പറഞ്ഞിരിക്കുന്നത്. മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ നരേന്ദ്ര മോദി പറഞ്ഞത് കേന്ദ്രസർക്കാറിന്റെ വീഴ്ചയാണ് അതെന്നാണ്. പ്രശ്നം അതിർത്തിയുടെതല്ല, കേന്ദ്രസർക്കാറിന്റെതാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ''ഇന്റലിജൻസ്, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ കേന്ദ്രത്തോടൊപ്പമുള്ളപ്പോൾ ഭീകരർ എങ്ങനെയാണ് വന്നത്? സുരക്ഷാവീഴ്ച സംഭവിച്ചതായി ബിജെപി സർക്കാർ തന്നെ സമ്മതിച്ചതാണ്. അപ്പോൾ പിന്നെ തരൂർ എന്തിനാണ് ബിജെപിയുടെ അഭിഭാഷകനാകുന്നത്,''-രാജ് ചോദിച്ചു.
ബിജെപിക്കു വേണ്ടി ആരാണ് സംസാരിക്കുന്നതെന്ന് മനസിലാക്കാന്‍ കൂടുതല്‍ യോഗ്യത രാജിനാണെന്നാണ് കോൺഗ്രസ് നേതാവിന്‍റെ ചോദ്യത്തോട് തരൂര്‍ പ്രതികരിച്ചത്. ആരോപണമുന്നയിച്ച വ്യക്തി മുന്‍ ബിജെപി എംപി ആയിരുന്നുവെന്നും താൻ തനിക്കു വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികളായ ഇഡിയോടും സിബിഐയോടും ആദായ നികുതി വകുപ്പിനോടുമൊക്കെയുള്ള ഭയമായിരിക്കാം തരൂരിനെ സ്വാധീനിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിനും മോദിയെ പ്രശംസിക്കാനും അവസരങ്ങള്‍ നോക്കിനടക്കുകയാണ് തരൂരെന്നും രാജ് കുറ്റപ്പെടുത്തി.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി കേന്ദ്രം സമ്മതിച്ചിരുന്നു. ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. പാകിസ്താനെതിരെ വിസ റദ്ദാക്കലടക്കം കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങിയിരുന്നു.