‘അച്ഛന്റെ മൃതദേഹത്തിന്റെ പാതി തരണമെന്ന് മൂത്ത മകൻ’; അന്ത്യകർമത്തെ ചൊല്ലി മക്കൾ തമ്മിലുള്ള തർക്കത്തിൽ വലഞ്ഞ് പൊലീസ്; സംഭവം മധ്യപ്രദേശിൽ

തർക്കം മൂർത്തതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്

Update: 2025-02-03 12:25 GMT

ഭോപ്പാൽ: മാതാപിതാക്കളുടെ മരണശേഷം സ്വത്തിന് വേണ്ടി തമ്മിൽ തല്ലുന്ന മക്കളെ കണ്ടിട്ടുണ്ടാവും എന്നാൽ മധ്യപ്രദേശിലെ ഒരു കുടുംബത്തിൽ അച്ഛന്റെ മൃതദേഹം പങ്കുവെക്കണമെന്ന മകന്റെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമം. ടികാംഗഡ് ജില്ലയിലെ ലിധോറതാൽ ഗ്രാമത്തിലാണ് സംഭവം.

84 കാരനായ ധ്യാനി സിംഗ് ഘോഷിന്റെ സംസ്ക്കാരത്തെ ചൊല്ലിയാണ് സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായത്. ഇളയ മകനായ ദേശ്‌രാജിനൊപ്പമായിരുന്നു പിതാവ് താമസിച്ചിരുന്നത്. ദീർഘ കാലം രോഗബാധിതനായിരുന്ന പിതാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണവിവരം അടുത്ത ഗ്രാമത്തിലുള്ള മൂത്ത മകനായ കിഷനെ അറിയിച്ചു. 

സംസ്കാരച്ചടങ്ങിനെത്തിയ കിഷൻ, മൂത്ത മകനെന്ന നിലയിൽ അന്ത്യ കർമ്മങ്ങൾ തനിക്ക് ചെയ്യണമെന്ന് വാദിച്ചു. എന്നാൽ അച്ഛന്റെ ആഗ്രഹപ്രകാരം സംസ്കാര ചടങ്ങുകൾ തനിക്ക് തന്നെ ചെയ്യണമെന്ന് ഇളയ മകൻ പറഞ്ഞതോടെ തർക്കം രൂക്ഷമായി.

ഇതോടെ മദ്യലഹരിയിലായിരുന്ന മൂത്ത മകനാണ് പിതാവിന്റെ മൃതദേഹം പകുതിയായി മുറിച്ച് വീതിക്കാമെന്നും പറഞ്ഞത്. തർക്കം മൂത്തതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് മകനെ അനുനയിപ്പിക്കുകയും ഇളയ മകൻ അന്ത്യകർമങ്ങൾ നിർവഹിക്കുകയും ചെയ്തു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News