'ഒരു വോട്ട് മാത്രം നേടിയ സ്ഥാനാർഥി മുതൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവർ വരെ'; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ചരിത്രമറിയാം
ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന 16 തെരഞ്ഞെടുപ്പുകളിൽ നാലെണ്ണം മാത്രമേ മത്സരമില്ലാതെ വിജയിച്ചിട്ടുള്ളൂ
ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ. എൻഡിഎ സ്ഥാനാർഥിയായ സി.പി രാധാകൃഷ്ണനും പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായി ബി.സുദർശൻ റെഡ്ഡിയുമാണ് മത്സരരംഗത്തുള്ളത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാർക്കാണ് വോട്ടവകാശമുള്ളത്. 781 പേരാണ് ആകെ വോട്ടർമാർ. മുഴുവൻ അംഗങ്ങളും വോട്ട് ചെയ്താൽ 391 വോട്ടാണ് ജയിക്കാൻ വേണ്ടത്.
എൻഡിഎ സഖ്യത്തിന് ഇരുസഭകളിലുമായി 423 വോട്ടുണ്ട്. പ്രതിപക്ഷത്തിന് 322 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഇൻഡ്യാ സഖ്യത്തിന് പുറമെ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നീ പാർട്ടികളും സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കുന്നുണ്ട്. ഇരുപക്ഷത്തും ചേരാത്ത 36 അംഗങ്ങളുമുണ്ട്.
എൻഡിഎ പക്ഷത്ത് ആരും കൂറുമാറിയിട്ടില്ലെങ്കിൽ രാധാകൃഷ്ണന് ജയമുറപ്പാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 2002ൽ ഭൈറോൺ സിങ് ശെഖാവത്തിന് ലഭിച്ച 149 വോട്ടാണ്. ആരും മാറി വോട്ട് ചെയ്തില്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരിക്കും ഇത്തവണ.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രം
ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നടന്ന 16 തിരഞ്ഞെടുപ്പുകളിൽ നാലെണ്ണം മാത്രമേ മത്സരമില്ലാതെ വിജയിച്ചിട്ടുള്ളൂ, 1952 മുതൽ 1962 വരെ രണ്ട് തവണ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഡോ. എസ്.രാധാകൃഷ്ണൻ രണ്ട് തെരഞ്ഞെടുപ്പുകളിലും മത്സരമില്ലാതെ വിജയിച്ചു.
1979-ൽ, പ്രശസ്ത നിയമജ്ഞനും ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസുമായ മുഹമ്മദ് ഹിദായത്തുല്ലയും 1987-ൽ ശങ്കർ ദയാൽ ശർമയും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ചു. 1992-ലെ അടുത്ത ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ, സാധുവായതായി കണ്ടെത്തിയ 701 വോട്ടുകളിൽ 700 വോട്ടുകൾ കെ.ആർ.നാരായണൻ നേടി. അദ്ദേഹത്തിന്റെ എതിരാളിയായ ധർത്തി പകാദ് എന്നറിയപ്പെടുന്ന കാക്ക ജോഗീന്ദർ സിംങ്ങിന് ഒരു വോട്ട് മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പിൽ 711 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ 10 എണ്ണം അസാധുവായി.
2007-ൽ മാത്രമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ത്രികോണ പോരാട്ടം നടന്നത്. അന്ന് യുപിഎ സ്ഥാനാർത്ഥി ഹമീദ് അൻസാരി, എൻഡിഎ സ്ഥാനാർത്ഥി നജ്മ ഹെപ്തുല്ലക്കും മൂന്നാം മുന്നണി സ്ഥാനാർഥി റഷീദ് മസൂദിനും എതിരെ മത്സരിച്ചു. ആകെയുള്ള 790 വോട്ടർമാരിൽ 762 പേർ വോട്ട് രേഖപ്പെടുത്തി, അതിൽ 10 എണ്ണം അസാധുവായി. സാധുവായ 752 വോട്ടുകളിൽ 455 വോട്ടുകൾ അൻസാരി നേടി, നജ്മ ഹെപ്തുല്ല 222 വോട്ടുകൾ നേടി, മസൂദ് 75 വോട്ടുകൾ നേടി.