ഇന്ത്യയിലെ മുൻനിര ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ബജാജ് ഗ്രൂപ്പ് സ്ഥാപിതമായിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാവുകയാണ്. ഇന്ന് 14 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള ഈ വൻ വ്യവസായ ശൃംഖലയുടെ തുടക്കം പക്ഷേ, സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് നാടുവിടാൻ തുനിഞ്ഞ ഒരു കൗമാരക്കാരന്റെ തീരുമാനത്തിൽ നിന്നായിരുന്നു. മഹാത്മാ ഗാന്ധി സ്നേഹത്തോടെ തന്റെ 'അഞ്ചാമത്തെ മകൻ' എന്ന് വിശേഷിപ്പിച്ച, സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുഖ്യ സാമ്പത്തിക സ്രോതസായി മാറിയ ജംനലാൽ ബച്ച്‌രാജ് ബജാജിന്റെ ജീവിതമാണ് ഇന്ന് ശതാബ്ദിയിലെത്തി നിൽക്കുന്ന ബജാജ് ഗ്രൂപ്പിന്റെ അടിത്തറ.
റെയിൽവേ സ്റ്റേഷനിൽ മാറിയ വിധി
1906-ലായിരുന്നു ആ നിർണായക സംഭവം. കഠിനാധ്വാനമില്ലാതെ കിട്ടിയ പദവിയും സമ്പത്തും നിസാരമായി കാണുന്നുവെന്ന് ദത്തുപിതാവായ സേത് ബച്ച്‌രാജ് ബജാജ് കുറ്റപ്പെടുത്തിയതിൽ മനംനൊന്താണ് ജംനലാൽ വർധയിലെ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചത്. സ്വത്തുക്കൾ ഉപേക്ഷിക്കുകയാണെന്ന് കത്തെഴുതിവെച്ച് ഹരിദ്വാറിലേക്കും ഋഷികേശിലേക്കും പോകുന്നതിനായി അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാൽ കത്ത് വായിച്ച ബച്ച്‌രാജ് ഉടൻതന്നെ സ്റ്റേഷനിലേക്ക് ഓടിയെത്തുകയും ട്രെയിൻ കയറുന്നതിന് തൊട്ടുമുൻപ് ജംനലാലിനെ സമീപിച്ച് തിരികെ വരാൻ അപേക്ഷിക്കുകയും ചെയ്തു. ദത്തുപിതാവിന്റെ വാക്ക് കേട്ട് അദ്ദേഹം വീട്ടിലേക്ക് മടങ്ങി. അന്ന് ഉപേക്ഷിക്കാൻ തുനിഞ്ഞ അതേ കുടുംബ ബിസിനസ് പിൽക്കാലത്ത് ജംനലാലിന്റെ ജീവിതദൗത്യമായി മാറി.
തുടക്കവും ബിസിനസ് വ്യാപനവും
1889 നവംബർ നാലിന് രാജസ്ഥാനിലെ കാശി കാ ബാസ് ഗ്രാമത്തിലെ ഒരു ചെറിയ മാർവാഡി കുടുംബത്തിൽ കാനീറാമിന്റെയും ബിർദിബായിയുടെയും മകനായാണ് ജംനലാൽ ജനിച്ചത്. 1894-ൽ വർധയിലെ പ്രമുഖ വ്യാപാരിയായ സേത് ബച്ച്‌രാജ് ബജാജും ഭാര്യ സദ്ദിബായിയും ഗ്രാമം സന്ദർശിച്ച വേളയിലാണ് അഞ്ചു വയസുള്ള ജംനലാലിനെ ദത്തെടുത്തത്. വർധയിൽ വളർന്ന ജംനലാലിന് ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നുവെങ്കിലും ബച്ച്‌രാജിന്റെ കീഴിൽ വ്യാപാരം, ബുക്ക് കീപ്പിങ്, വിപണി തന്ത്രങ്ങൾ എന്നിവ അദ്ദേഹം സ്വായത്തമാക്കി. 12-ാം വയസിൽ ജാനകീദേവിയെ വിവാഹം കഴിച്ചു. 1907-ൽ ബച്ച്‌രാജിന്റെ മരണത്തോടെ ബിസിനസിന്റെ പൂർണ ചുമതല ജംനലാലിന്റെ കൈകളിലെത്തി.1905-ൽ ബച്ച്‌രാജ് വർധയിൽ തുടങ്ങിയ കോട്ടൺ ജിന്നിങ് ഫാക്ടറിയായിരുന്നു തുടക്കം. പരുത്തി വിപണിയിലെ സാധ്യതകൾ മനസിലാക്കിയ ജംനലാൽ, 1915-ൽ 'ബച്ച്‌രാജ് ജംനലാൽ' എന്ന പേരിൽ ബോംബെയിൽ ഓഫീസ് തുറന്ന് വ്യാപാരം കൂടുതൽ വിപുലമാക്കി. തുടർന്ന് 1926 ആഗസ്റ്റ് 27-ന് 'ബച്ച്‌രാജ് ഫാക്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി രജിസ്റ്റർ ചെയ്തു. 1929 മുതൽ 1961 വരെയുള്ള കാലഘട്ടത്തിൽ നാഗ്പൂർ, അമരാവതി, ഖാംഗോൺ, ജൽഗാവ്, ഭുസാവൽ തുടങ്ങി മുപ്പതോളം കേന്ദ്രങ്ങളിലേക്ക് കമ്പനി ഫാക്ടറികൾ വ്യാപിപ്പിച്ചു. പിന്നീട് പഞ്ചസാര, സ്റ്റീൽ മേഖലകളിലേക്കും ബിസിനസ് പടർന്നു. 1930-ൽ സ്ഥാപിതമായ 'ഡെക്കാൻ ആയുർവേദാശ്രമം ഫാർമസി ലിമിറ്റഡ്' 2007 ഒക്ടോബറിൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായപ്പോൾ 'ബജാജ് കോർപ്പ് ലിമിറ്റഡ്' എന്നും, 2019 ജനുവരി 1-ന് 'ബജാജ് കൺസ്യൂമർ കെയർ ലിമിറ്റഡ്' എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.
സ്വാതന്ത്ര്യസമരത്തിന്റെ ബാങ്കർ
ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ ജംനലാൽ, അഹിംസയിലും സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗത്തിലുമൂന്നിയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചു. വർധയിൽ ഗാന്ധിജിക്ക് ഭൂമി ദാനം ചെയ്യുകയും സേവാഗ്രാം നിർമ്മിക്കാൻ മുന്നിൽ നിൽക്കുകയും ചെയ്തത് അദ്ദേഹമാണ്. 1930-ലെ ദണ്ഡി യാത്രയ്ക്ക് ശേഷം ഗാന്ധിജി വർധയ്ക്ക് സമീപം സ്ഥിരതാമസമാക്കിയതോടെ ഈ ബന്ധം കൂടുതൽ ദൃഢമായി. ജംനലാലിനെ ഗാന്ധിജി തന്റെ 'അഞ്ചാമത്തെ മകൻ' എന്നാണ് വിശേഷിപ്പിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ടുകാലം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാന ധനകാര്യ ദാതാവും ബാങ്കറുമായി അദ്ദേഹം പ്രവർത്തിച്ചു. വർധയിലെ അദ്ദേഹത്തിന്റെ കുടുംബവീടായ 'ബജാജ് വാഡി' ദേശീയ നേതാക്കളുടെ പ്രധാന ഒത്തുചേരൽ കേന്ദ്രവും ദേശീയ അതിഥി മന്ദിരവുമായി മാറി. ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന്റെ ആദ്യ കരട് രൂപപ്പെട്ടതും വർധയിലെ സേവാഗ്രാം ആശ്രമത്തിലാണ്.
സത്യഗ്രഹങ്ങളും ജയിൽവാസവും
1930-ൽ ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഏപ്രിൽ ഏഴിന് അറസ്റ്റിലായ ജംനലാലിന് രണ്ട് വർഷത്തെ തടവുശിക്ഷ ലഭിച്ചെങ്കിലും 1931 ഫെബ്രുവരി 2-ന് അദ്ദേഹം മോചിതനായി. തടവുകാലത്ത് അദ്ദേഹം 'സി-ക്ലാസ്' സൗകര്യങ്ങളാണ് സ്വയം തിരഞ്ഞെടുത്തത്. 1938-ലും 1939-ലും ജയ്പൂർ രാജ്യ പ്രജാ മണ്ഡലിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം ജയ്പൂർ സത്യഗ്രഹത്തിന് നേതൃത്വം നൽകി. ബിജോലിയ, സിക്കർ കർഷക സമരങ്ങൾ പരിഹരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. 1941-ൽ യുദ്ധവിരുദ്ധ വ്യക്തിഗത സത്യഗ്രഹത്തിലും അദ്ദേഹം പങ്കാളിയായി.