രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത എം.എൽ.എയെ പുറത്താക്കി കോൺഗ്രസ്

അവസാന നിമിഷം കുൽദീപ് ബിജെപിക്ക് വോട്ട് മറിച്ചതായിരുന്നു കോൺഗ്രസിന്റെ കനത്ത പരാജയത്തിന് കാരണമായത്

Update: 2022-06-11 14:24 GMT
Editor : afsal137 | By : Web Desk

ഹരിയാനയിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത എം.എൽ.എയെ പുറത്താക്കി കോൺഗ്രസ് നേതൃത്വം. കുൽദീപ് ബിഷ്‌ണോയിയെയാണ് ചുമതലകളിൽനിന്ന് കോൺഗ്രസ് പുറത്താക്കിയത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ക്ഷണിതാവായിരുന്നു കുൽദീപ് ബിഷ്‌ണോയ്.

അവസാന നിമിഷം കുൽദീപ് ബിജെപിക്ക് വോട്ട് മറിച്ചതായിരുന്നു കോൺഗ്രസിന്റെ കനത്ത പരാജയത്തിന് വഴിവെച്ചത്. കുൽദീപിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് വിവേക് ബൻസാൽ അറിയിച്ചിരുന്നു രാജിവെയ്ക്കാൻ ബിഷ്‌ണോയ് തയ്യാറായില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം ബിഷ്‌ണോയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയതാണ്.

Advertising
Advertising

കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ബിഷ്‌ണോയ്. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഢയുടെ അടുത്ത അനുയായി കൂടിയായ ഉദയ് ഭാനിനെ അധ്യക്ഷനാക്കിയതാണ് ബിഷ്‌ണോയിയെ ചൊടിപ്പിച്ചത്. ഇതോടെ പാർട്ടി വിടാനുള്ള തയ്യാറെടുപ്പുകൾ ബിഷ്‌ണോയ് നടത്തുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായും ബിഷ്‌ണോയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബിഷ്‌ണോയ് ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു.

അതിനിടെ രാജ്യസഭ മത്സരം കടുത്തതോടെ കോൺഗ്രസ് എം എൽ എമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ കുൽദീപ് ബിഷ്ണോയി മാത്രം പോകാൻ കൂട്ടാക്കിയിരുന്നില്ല. തെരഞ്ഞെടുപ്പിന് മുൻപ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബിഷ്‌ണോയ് സമയം തേടിയിരുന്നുവെങ്കിലും നേതൃത്വം താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. നേരത്തേ നടന്ന കോൺഗ്രസ് ചിന്തിൻ ശിബിരത്തിലും കുൽദീപ് ബിഷ്‌ണോയ് പങ്കെടുത്തിരുന്നില്ല.

അതേസമയം ഹരിയാനയിലെ പരാജയത്തിൽ തരിച്ച് നിൽകുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ അജയ് മാക്കൻ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അപ്രതീക്ഷിത തിരിച്ചടിയായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് നേരിട്ടത്. രണ്ട് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു സീറ്റിൽ കോൺഗ്രസിന് എളുപ്പം വിജയിക്കാമായിരുന്നു. 90 അംഗങ്ങളാണ് സംസ്ഥാന നിയമസഭയിൽ ഉള്ളത്. ഇതിൽ ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തു. ഇതോടെ ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ 29.34 വോട്ടുകളായിരുന്നു വേണ്ടത്. അജയ് മാക്കന് ലഭിച്ചത് 29 വോട്ടുകളായിരുന്നു. ബി ജെ പി സ്ഥാനാർഥിയായ കൃഷൻ പൻവാറും ബിജെപി-ജെ.ജെ. പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയും മാധ്യമ മേധാവിയുമായ കാർത്തികേയ ശർമയുമാണ് വിജയിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News