'ഞാൻ ദത്തെടുത്ത ഗ്രാമങ്ങളിലെ ആളുകൾ‍ പൊലീസുകാർക്ക് പണം നൽകാൻ പെൺമക്കളെ വിൽക്കുന്നു'; ബിജെപി സർക്കാരിനെതിരെ സെൽഫ് ​ഗോളടിച്ച് പ്രഗ്യാസിങ്‌ താക്കൂർ

ബി.ജെ.പി സർക്കാർ നടത്തുന്ന അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് കോൺ​ഗ്രസ് പറഞ്ഞു.

Update: 2022-09-20 13:19 GMT

ഭോപ്പാൽ: സ്വന്തം പാർട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി വിദ്വേഷ പ്രചാരകയും ബി.ജെ.പി ഭോപ്പാൽ എം.പിയുമായ പ്രഗ്യാസിങ്‌ ഠാക്കൂർ. താൻ ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെ പാവപ്പെട്ടവർ പൊലീസുകാർക്ക് പണം നൽകാൻ തങ്ങളുടെ പെൺമക്കളെ വിൽക്കാൻ നിർബന്ധിതരാണെന്നാണ് പ്രഗ്യാസിങ്‌ താക്കൂർ പറഞ്ഞത്.‌

ഉപജീവനത്തിനായി അനധികൃത മദ്യം വിൽക്കുന്നവരെ മോചിപ്പിക്കാനാണ് തങ്ങളുടെ കുട്ടികളെ പോലും വിൽക്കാൻ ഈ ​ഗ്രാമവാസികൾ‍ നിർബന്ധിതരായിരിക്കുന്നതെന്നും വ്യാപാരികളുടെ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡൽ ശനിയാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ അവർ പറഞ്ഞു.

Advertising
Advertising

"ആ ഗ്രാമങ്ങളിലെ ജനങ്ങൾ ദരിദ്രരാണ്. അവർ അസംസ്കൃത മദ്യം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നു. പൊലീസ് അവരെ പിടികൂടുമ്പോൾ അവർ അവരുടെ പെൺമക്കളെ വിൽക്കുകയും ആ പണം പൊലീസിന് നൽകുകയും അവരുടെ ആളുകളെ മോചിപ്പിക്കുകയും ചെയ്യുന്നു"- പ്ര​ഗ്യാസിങ് വിശദമാക്കി.

മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വീണ്ടും കുരുക്കിലാക്കിയിരിക്കുകയാണ് പ്ര​ഗ്യാസിങ്ങിന്റെ ഈ പ്രസ്താവന. സംസ്ഥാന സർക്കാരിന്റേയും അവരുടെ കീഴിലുള്ള പൊലീസ്- എക്സൈസ് വകുപ്പുകളുടേയും വീഴ്ചകൾ വെളിവാക്കുന്നതാണ് പ്രഗ്യാസിങ്ങിന്റെ വെളിപ്പെടുത്തലെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.

മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ നടത്തുന്ന വലിയ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് കോൺ​ഗ്രസ് വക്താവും സംസ്ഥാന വനിതാ കമ്മീഷൻ അംഗവുമായ സംഗീത ശർമ പറഞ്ഞു. ഈ കുട്ടികളെ അവർ‍ ആർക്കാണ് വിൽക്കുന്നതെന്നും വാങ്ങുന്നവർ ആരാണെന്നും പ്രഗ്യാസിങ് താക്കൂർ വെളിപ്പെടുത്തണമെന്നും ശർമ ആവശ്യപ്പെട്ടു.

"ഇത് വളരെ സങ്കടകരവും അപലപനീയവുമാണ്. 18 വർഷമായി ശിവരാജ് സിങ് ചൗഹാൻ സർക്കാർ അധികാരത്തിലാണ്. ബേഠി പഠാവോ, ബേഠി ബച്ചാവോ ക്യാമ്പയിൻ പോലുള്ള വലിയ അവകാശവാദങ്ങൾ അവരുന്നയിക്കുന്നു. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ പോലും സ്ഥിതി ഇതാണ്. ബി.ജെ.പി എം.പി തന്നെ അടിസ്ഥാന യാഥാർഥ്യങ്ങൾ വിവരിക്കുകയാണ്"- അവർ കൂട്ടിച്ചേർത്തു.

അതേസമയം, പ്ര​ഗ്യാസിങ് തങ്ങളുടെ പാർട്ടിയിൽ‍ ഉള്ളയാളാണെന്നും അവർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ അത് തങ്ങളെ അറിയിക്കാമെന്നും നിയമപരമായി നീങ്ങാമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ നരോത്തം മിശ്ര പറഞ്ഞു.

സംസ്ഥാന സർക്കാരിനെ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന കേന്ദ്രത്തെയും നാണംകെടുത്തുന്ന തരത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി തവണ പ്രഗ്യാസിങ് ഠാക്കൂർ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News