'ബൈക്കിലും ട്രക്കിലും യാത്ര ചെയ്തു, അഞ്ചു കിലോമീറ്റർ നടന്നു'; വിമത ക്യാമ്പിൽനിന്ന് രക്ഷപ്പെട്ട ശിവസേനാ എംഎൽഎ

തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗൺസിലിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം

Update: 2022-06-22 07:00 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ഗുജറാത്തിലേക്ക് പോയ വിമത ശിവസേനാ എംഎൽഎമാരുടെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട് കൈലാസ് പാട്ടീൽ. സംസ്ഥാന അതിര്‍ത്തിയില്‍ അഞ്ചു കിലോമീറ്റർ കാൽനട യാത്ര ചെയ്ത ശേഷമാണ് താൻ മുംബൈയിൽ തിരിച്ചെത്തിയതെന്ന് പാട്ടീൽ നേതൃത്വത്തെ അറിയിച്ചു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഗുജറാത്തിലേക്ക് പോകുന്നതിനിടെയാണ് അതിർത്തിയിലെ ചെക് പോസ്റ്റിൽ വച്ച് ഉസ്മാനാബാദ് എംഎൽഎ രക്ഷപ്പെട്ടത്.

'കുറച്ചു കിലോമീറ്റർ ബൈക്കിലാണ് വന്നത്. പിന്നീട് മുംബൈയിലേക്ക് പോകുന്ന ട്രക്കിൽ കയറി. പുലർച്ചെ 1.30ന് ദഹിസാർ ചെക്ക് പോസ്റ്റിലെത്തി. അവിടെ നിന്ന് നേതൃത്വത്തെ ബന്ധപ്പെട്ടു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വാഹനം തയ്യാറാക്കി. പുലർച്ചെ രണ്ടേകാലോടെ മലബാർ ഹിൽസിലെത്തി' - പാട്ടീലിനെ ഉദ്ധരിച്ച് ശിവസേനാ വൃത്തങ്ങൾ പറഞ്ഞു.

തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗൺസിലിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം. അത്താഴ വിരുന്നിനായി താനെയിൽ എത്താനായിരുന്നു ചില എംഎൽഎമാരോട് നിർദേശിച്ചത്. അതിൽ സംശയമൊന്നും തോന്നിയില്ല. എന്നാൽ സഞ്ചരിച്ചിരുന്ന കാർ ഘോബന്ദർ റോഡിലൂടെ മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചപ്പോഴാണ് പന്തികേടു തോന്നിയത്. മൂന്നു കാറുകളിലാണ് സംഘം യാത്ര ചെയ്തിരുന്നത്. തലാസരി ചെക്ക് പോസ്റ്റിൽ വച്ച് ഏക്‌നാഥ് ഷിൻഡെ തങ്ങളോട് സംസാരിക്കുമെന്നാണ് പറഞ്ഞത്. തലാസരിയിലെത്തിയപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ശേഷം ഇരുട്ടിൽ എതിർദിശയിലേക്ക് ഓടുകയായിരുന്നു- പാട്ടീല്‍ പറഞ്ഞു. 

അതിനിടെ, സംസ്ഥാനത്തെ രാഷ്ട്രീയനാടകം തുടരുകയാണ്. വിമത എംഎൽഎമാർ ബിജെപിക്ക് പിന്തുണ നൽകിയതായി റിപ്പോർട്ടുണ്ട്. പിന്തുണക്കത്ത് ഷിൻഡെ ഗവർണർക്ക് നൽകുമെന്നാണ് സൂചന. മുപ്പതിലേറെ എംഎൽഎമാർ ഒപ്പമുണ്ട് എന്നാണ് ഷിന്‍ഡേയുടെ അവകാശവാദം. നേരത്തെ സൂറത്തിലായിരുന്ന എംഎൽഎമാർ ഇപ്പോൾ ഗുവാഹത്തിയിലാണുള്ളത്.  

എം.എൽ.എമാർ ബി.ജെ.പി തടങ്കലിലാണെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പിക്കൊപ്പം നിന്ന് പുതിയ സർക്കാരുണ്ടാക്കാതെ വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഷിൻഡേ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫോണിൽ വിളിച്ച് നടത്തിയ അനുരഞ്ജന നീക്കങ്ങളോടും അദ്ദേഹം വഴങ്ങിയിട്ടില്ല. എന്നാൽ ഒപ്പമുള്ള വിമത എം.എൽ.എമാരിൽ ചിലർ തിരികെ പോവാൻ ശ്രമിച്ചതായാണ് സൂചന. അങ്ങനെയാണ് സൂറത്തിൽ നിന്നും മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് എം.എൽ.എമാരെ മാറ്റാനുള്ള തീരുമാനമുണ്ടായത്. 21 എം.എൽ.എമാർ ഇപ്പോൾ ഒപ്പമുണ്ടെന്നും 37 പേരുടെ പിന്തുണയുണ്ടെന്നുമാണ് ഷിൻഡേ പറയുന്നത്.  

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News