രാജ്യദ്രോഹനിയമം സുപ്രിംകോടതി മരവിപ്പിച്ചു

പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണം

Update: 2022-05-11 06:40 GMT
Advertising

ന്യൂ ഡല്‍ഹി: രാജ്യദ്രോഹനിയമം സുപ്രിംകോടതി താത്കാലികമായി മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.  

കേന്ദ്രം നിയമം പുനപ്പരിശോധിക്കാമെന്നറിയിച്ചതിനാലാണ് തീരുമാനം. നിലവിലുള്ള കേസുകള്‍ മരവിപ്പിക്കാനും നിർദേശമുണ്ട്. ജയിലിലുള്ളവർ ജാമ്യത്തിനായി കോടതിയെ സമീപിക്കണം. രാജ്യദ്രോഹക്കേസിൽ 13,000 പേർ ജയിലിലുണ്ടെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്.

അതേസമയം, രാജ്യദ്രോഹകേസുകൾ മരവിപ്പിക്കരുതെന്നാണ് കേന്ദ്രം സുപ്രിംകോടതിയിൽ അറിയിച്ച നിലപാട്. നേരത്തെയുള്ള കേസുകളിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള കേസുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് സുപ്രിംകോടതിയുടെ ചരിത്ര വിധി.  

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870ൽ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124എ. പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ, എഴുത്തുകൾ, മറ്റ് ആവിഷ്‌കാരങ്ങൾ എന്നിവയാണ് രാജ്യദ്രോഹമാകുന്നത്. ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News