വനിതാ ഡോക്ടറുടെ ബലാത്സംഗ കൊല: വിചാരണ ബംഗാളിൽനിന്ന് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി പരിശോധിച്ചു

Update: 2024-11-07 11:40 GMT

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പശ്ചിമ ബംഗാളിന്റെ പുറത്തേക്ക് മാറ്റണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. തെളിവുകൾ പരിശോധിച്ച ശേഷം വിചാരണാകോടതി ജഡ്ജിക്ക് മറ്റൊരു അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

‘മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസടക്കം സംസ്ഥാനത്തിന് പുറത്തേക്ക് ഞങ്ങൾ മാറ്റിയിരുന്നു. എന്നാൽ, അത്തരത്തിലുള്ള ഒന്ന് ഞങ്ങൾ ഇവിടെ ചെയ്യുന്നില്ല’ -കോടതി പറഞ്ഞു.

Advertising
Advertising

പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് പൊലീസിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്ന് അഭിഭാഷകൻ പറഞ്ഞു. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. ‘ജനങ്ങളെ കുറിച്ച് സംസാരിക്കരുത്. നിങ്ങൾ ഇപ്പോൾ ആർക്ക് വേണ്ടിയാണ് വന്നിട്ടുള്ളത്? ഇത്തരത്തിലുള്ള പൊതുവായ പ്രസ്താവനകൾ നടത്തരുത്. അത്തരത്തിലുള്ള സംഭവമേയില്ല’ -കോടതി പറഞ്ഞു. ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.

കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച ആറമാത്തെ റിപ്പോർട്ടും ബെഞ്ച് പരിശോധിച്ചു. ​ഒന്നാം പ്രതിയായ സഞ്ജയ് റോയിക്കെതിരെ ​കൊൽക്കത്ത കോടതി കുറ്റം ചുമത്തിയിട്ടുണ്ടെന്നും കേസിൽ ദൈനംദിന വിചാരണ നവംബർ 11ന് തുടങ്ങുമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ആരോഗ്യ വിദഗ്ധരുടെ സുരക്ഷക്കായി നാഷനൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടും വിചാരണക്കിടെ സുപ്രിംകോടതി മുമ്പാകെ സമർപ്പിച്ചു. ഈ റിപ്പോർട്ട് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും പങ്കുവെക്കാൻ ബെഞ്ച് നിർദേശിച്ചു. കേസ് നാലാഴ്ചക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കും.

ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കൊൽക്കത്ത പൊലീസ് അന്വേഷിച്ചിരുന്ന കേസ് ആഗസ്റ്റ് 13നാണ് കൽക്കത്ത ഹൈകോടതി സിബിഐക്ക് കൈമാറാൻ നിർദേശിച്ചത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News