ചില്ലിക്കാശ് പോലും ടാക്സ് നൽകണ്ട; ആദായ നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ സംസ്ഥാനം!
സിക്കിം സംസ്ഥാനത്തു നിന്നുള്ള പൗരന്മാരെ പാൻ കാർഡ് ആവശ്യകതയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ഡൽഹി: സര്‍ക്കാരിന്‍റെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് നികുതി. ഒരോ തവണ ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോഴും ആളുകൾ ഏറ്റവും കൂടതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളും ആദായ നികുതിയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ആദായ നികുതിയുടെ ഒരു ഭാരവുമില്ലാത്ത ഒരു സംസ്ഥാനം ഇന്ത്യയിലുണ്ട്.
സിക്കിം എന്ന സംസ്ഥാനത്തെയാണ് ആദായ നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയത്. 1961 ലെ ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 10 (26AAA) പ്രകാരമാണിത്.
1975 മേയ് 16നാണ് ഇന്ത്യയുടെ 22-ാമത് സംസ്ഥാനമായി സിക്കിം നിലവിൽ വരുന്നത്. അതിന് മുൻപ് ഇവിടെ രാജഭരണമായിരുന്നു. ചോഗ്യാൽ രാജവംശമാണ് ഇവിടെ ഭരിച്ചിരുന്നത്. 1948 ലെ സിക്കിം ഇൻകം ടാക്സ് മാനുവൽ എന്നറിയപ്പെടുന്ന സ്വന്തം നികുതി സമ്പ്രദായം ഉൾപ്പെടെ അതിന് അതിന്‍റേതായ നിയമങ്ങളുണ്ടായിരുന്നു. സിക്കിം സംസ്ഥാനമാകുന്നതിന് മുൻപ് നിലവിലുള്ള നിയമങ്ങൾ മാറ്റമില്ലാതെ നിലനിർത്തുമെന്ന് കേന്ദ്രസ ര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ഈ കരാർ കാരണം, സിക്കിമിന് അതിന്റെ പ്രത്യേക നികുതി നിയമങ്ങൾ പാലിക്കാൻ അനുവാദം ലഭിച്ചു. കൂടാതെ അതിലെ താമസക്കാർക്ക് ആദായനികുതി അടയ്ക്കേണ്ടതില്ല എന്ന ആനുകൂല്യവും ലഭിച്ചു.
സിക്കിം സംസ്ഥാനത്തു നിന്നുള്ള പൗരന്മാരെ പാൻ കാർഡ് ആവശ്യകതയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ ഓഹരിവിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിന് സിക്കിമിലെ ജനങ്ങൾക്ക് പാൻ കാർഡ് ആവശ്യമില്ലെന്ന നിയമം സെബി നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.