നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവെപ്പ്; ആക്രമണത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

അക്രമികളെ കണ്ടെത്താൻ പൊലീസ് 15 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്

Update: 2026-10-19 09:27 GMT
Editor : Athulya | By : Web Desk

മുംബൈ: നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. മുംബൈ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. നടനെ വെടിവെക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിൽ നിസ്സാര പരിക്കേറ്റ നടൻ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നിരവധി ബോളിവുഡ് അഭിനേതാക്കളും ടൈഗർ ഷ്റോഫിനെ വീട്ടിലെത്തി സന്ദർശിച്ചു.

തലനാരിഴയ്ക്കാണ് ടൈഗർ ഷ്റോഫ് വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാറിന്റെ ഇടതുഭാഗത്തായിരുന്നു നടൻ ഇരുന്നത്. ബൈക്കിലെത്തിയ രണ്ട് ആളുകൾ അതേ ഭാഗത്ത് കൂടി വന്ന് അദ്ദേഹത്തെ വെടിവെച്ച് മടങ്ങുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ആക്രമണത്തിന് ശേഷം അന്തേരി സ്റ്റേഷന് സമീപം ബൈക്ക് ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു. 

Advertising
Advertising

മുംബൈ പോലൊരു മഹാനഗരത്തിൽ ഒരു ബോളിവുഡ് നടനെതിരെ ആക്രമണം നടന്നിട്ട് പ്രതികളെ ഇതുവരെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിനെതിരെ വിമർശനം ശക്തമാണ്.  അക്രമികളെ കണ്ടെത്താൻ 15 അംഗ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. 

ഇന്നലെ ജുഹു എന്ന സ്ഥലത്ത് ഫുട്ബോൾ കളിച്ചു മടങ്ങുന്നതിനിടയാണ് നടന് നേരെ വെടിവെപ്പുണ്ടായത്. അജ്ഞാതരായ മൂന്നംഗ സംഘമാണ് നടന് നേരെ വെടിവെച്ചത്. ആക്രമണത്തിൽ നടന്റെ ഡ്രൈവർക്കും സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടൈഗർ ഷ്റോഫിന് ഗുരുതര പരിക്കേറ്റെന്ന് ആദ്യം വാർത്തകൾ വന്നിരുന്നെങ്കിലും അദ്ദേഹത്തിന് ബുള്ളറ്റ് കൊണ്ടുള്ള പരിക്കുകളില്ലെന്നും നിസ്സാര പരിക്കുകൾ മാത്രമാണുള്ളതെന്നും വ്യക്തമായി. 

വെടിവെപ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ടവരാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പിന് തൊട്ടുപിന്നാലെ ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ സഹിതം പോസ്റ്റിട്ടിരുന്നു. "ഞങ്ങളാണ് നടനെ വെടിവെച്ചത്, അതിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു, ഞങ്ങളുടെ നിർദേശങ്ങൾ നടൻ പാലിക്കാത്തതുകൊണ്ടാണ് വെടിവെക്കേണ്ടി വന്നത്" എന്നാണ് വീഡിയോയിലെ അവകാശവാദം. ഇതിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എല്ലാ തരത്തിലുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

നടൻ സൽമാൻ ഖാനുമായി ലോറൻസ് ബിഷ്ണോയി ഗ്രൂപ്പിന് പകയുണ്ട്. നിലവിൽ ഗുജറാത്തിലെ ജയിലിലുള്ള ലോറൻസ് ബിഷ്ണോയി കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് സൽമാൻ ഖാന് നേരെ നിരന്തരം വധഭീഷണികൾ മുഴക്കാറുണ്ട്. എന്നാൽ ടൈഗർ ഷ്റോഫിനെ വെടിവെച്ചതിന് പിന്നിൽ ഈ ഗ്രൂപ്പ് തന്നെയാണെങ്കിൽ അതിൻ്റെ പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. 

ആക്രമണത്തിന് പിന്നാലെ നടന്റെ വീടിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സഹപ്രവർത്തകരും നടന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. 

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News