ബിഎ ബിരുദധാരിക്ക് കൂട്ടായത് ഇന്റർനെറ്റ്; 13 വർഷത്തെ പരിശ്രമത്തിനൊടുവിൽ പറക്കും കാറുമായി യുവാവ്

റൺവേയുടെ ആവശ്യമില്ലാതെ ലംബമായി പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്

Update: 2026-10-24 08:27 GMT

ഡെറാഡൂൺ: ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഔദ്യോഗിക ബിരുദങ്ങളൊന്നുമില്ലാതെ, ഇന്റർനെറ്റിലൂടെയുള്ള സ്വയംപഠനത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും ഇലക്ട്രിക് പറക്കും കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്ത് ഉത്തരാഖണ്ഡ് സ്വദേശി. അൽമോറ ജില്ലയിലെ കാഫ്ലിഖാൻ സ്വദേശിയായ രവി തംതയാണ് 13 വർഷത്തെ പ്രയത്നത്തിനൊടുവിൽ 'ഹപിഡ സ്കൈനെക്സ്' എന്ന സിംഗിൾ സീറ്റർ ഇലക്ട്രിക് പറക്കും വാഹനം നിർമിച്ചത്.

നൈനിറ്റാൾ കാമ്പസിൽനിന്ന് ബിഎ ബിരുദം പൂർത്തിയാക്കിയ രവി തംതയ്ക്ക് എൻജിനീയറിങ് പശ്ചാത്തലമോ പ്രത്യേക പരീക്ഷണശാലകളോ ഉണ്ടായിരുന്നില്ല. മെക്കാനിക്കായ പിതാവ് ഹരീഷ് റാമിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ ഇന്റർനെറ്റിലെ വിവരങ്ങളും തുടർച്ചയായ പരീക്ഷണങ്ങളും പ്രയോജനപ്പെടുത്തിയാണ് ഇദ്ദേഹം സാങ്കേതിക പരിജ്ഞാനം നേടിയത്. ഇദ്ദേഹം രൂപീകരിച്ച 'ഹപിഡ സ്കൈ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സംരംഭത്തിലൂടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. വാഹനം കഴിഞ്ഞ ആഗസ്റ്റിൽ വിജയകരമായി പരീക്ഷണപ്പറക്കൽ പൂർത്തിയാക്കിയിരുന്നു.

Advertising
Advertising

പ്രചോദനമായത് മലയോര യാത്രകളിലെ ദുരിതം

ജാഗേശ്വർ ധാമത്തിന് സമീപമുള്ള കാഫ്ലിഖാൻ ഗ്രാമത്തിൽ വളർന്ന രവി തംതയ്ക്ക്, മലയോര മേഖലകളിലെ യാത്രാക്ലേശങ്ങളാണ് ഇത്തരമൊരു ആശയത്തിലേക്ക് വഴിതുറന്നത്. കൊടുംവളവുകൾ നിറഞ്ഞ മലയോര റോഡുകളിലൂടെയുള്ള യാത്രയും അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിലെത്താൻ നേരിടുന്ന കാലതാമസവുമാണ് സ്വകാര്യ വ്യോമയാന വാഹനത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 2015-ലാണ് പറക്കും കാർ എന്ന സ്വപ്നത്തിലേക്ക് ഇദ്ദേഹം കടക്കുന്നത്.

റൺവേയുടെ ആവശ്യമില്ലാതെ ലംബമായി പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന തരത്തിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൾട്ടിറോട്ടർ ഡ്രോണുകളുടെ പ്രവർത്തന തത്വത്തിന് സമാനമായി ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകളും പ്രൊപ്പല്ലറുകളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഭാരം കുറഞ്ഞ ഫ്രെയിം, കോക്ക്പിറ്റ്, സുതാര്യമായ കനോപ്പി എന്നിവയാണ് പ്രോട്ടോടൈപ്പിന്റെ പ്രധാന സവിശേഷതകൾ. പൂർണമായും ബാറ്ററിയുടെ കരുത്തിൽ പ്രവർത്തിക്കുന്നതിനാൽ ഏവിയേഷൻ ഇന്ധനമോ എഥനോളോ ആവശ്യമില്ല.

ഇനിയും കടമ്പകൾ ബാക്കി

നിലവിൽ വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയെങ്കിലും, വാഹനം വാണിജ്യാടിസ്ഥാനത്തിലോ യാത്രാ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതിന് മുമ്പ് ഇനിയും കടമ്പകൾ ഏറെയാണ്. രൂപകൽപ്പന, ബാറ്ററി പ്രവർത്തനം, സുരക്ഷ, സ്ഥിരത എന്നിവയിൽ കൂടുതൽ കർശനമായ പരീക്ഷണങ്ങളും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിർണായക അനുമതികളും ആവശ്യമാണ്. ദുർഘടമായ ഭൂപ്രദേശങ്ങളിലെ ഹ്രസ്വദൂര യാത്രകൾ വേഗത്തിലാക്കാനും അടിയന്തര വൈദ്യസഹായം എത്തിക്കാനും ഇത്തരം വാഹനങ്ങൾ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

നേരത്തെയും ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി ഉപകരണങ്ങൾ രവി തംത വികസിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ചാർജ് ചെയ്യാവുന്ന ഷൂസ്, കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിങ് സ്റ്റിക്, മുള മുറിക്കുന്ന യന്ത്രം, സ്റ്റിക് മൊബൈൽ ചാർജർ, അഗ്നിശമന ഉപകരണങ്ങൾ, വനംവകുപ്പിനായുള്ള അഗ്നിശമന ഉപകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News