കേന്ദ്ര സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് മഹാറാലി ഇന്ന് ഡൽഹിയിൽ

കേന്ദ്ര സർക്കാരിന് എതിരായ തുടർ പ്രക്ഷോഭ പരിപാടികൾക്കും മഹാറാലിക്ക് ശേഷം തൃണമൂൽ കോൺഗ്രസ് രൂപം നൽകും

Update: 2023-10-03 01:11 GMT
Editor : Jaisy Thomas | By : Web Desk

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍

Advertising

ഡല്‍ഹി: സർക്കാർ പദ്ധതികളുടെ കുടിശ്ശിക വിട്ട് നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് മഹാറാലി ഇന്ന്. ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന മഹാറാലിയിൽ പങ്കെടുക്കാൻ പ്രവര്‍ത്തകര്‍ ബസുകളിലാണ് പശ്ചിമ ബംഗാളിൽ നിന്നും എത്തിയത്. കേന്ദ്ര സർക്കാരിന് എതിരായ തുടർ പ്രക്ഷോഭ പരിപാടികൾക്കും മഹാറാലിക്ക് ശേഷം തൃണമൂൽ കോൺഗ്രസ് രൂപം നൽകും.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 100 തൊഴിൽ ദിനങ്ങളുടെ വേതനം, പ്രധാന മന്ത്രി ആവാസ യോജന പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച തുക എന്നിവ അകാരണമായി കേന്ദ്ര സർക്കാർ തടഞ്ഞ് വെക്കുന്നു എന്നാണ് പശ്ചിമ ബംഗാൾ സർക്കാർ ആരോപിക്കുന്നത്. പ്രതിഷേധം ഡൽഹി കേന്ദ്രീകരിച്ച് നടത്താൻ തീരുമാനിച്ച തൃണമൂൽ നേതാക്കൾ പ്രവർത്തകർക്ക് ഡൽഹിയിൽ എത്താൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. റെയിൽവെ അനുമതി നിഷേധിച്ചതോടെ 49 ബസുകളിൽ ആണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബംഗാളിൽ നിന്ന് ഡൽഹിയിൽ എത്തിയത്. സമരങ്ങൾക്ക് തുടക്കം കുറിച്ച് ഡൽഹിയിലെ രാജ്ഘട്ടിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ജന്തർ മന്ദറിൽ ഇന്ന് നടക്കുന്ന മഹാ റാലിക്ക് ശേഷം തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ആണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. ഇതിനു മുന്നോടിയായി തൃണമൂൽ കോൺഗ്രസ് എംപിയും നേതാവുമായ സുധീപ് ബന്ധോപാധ്യായയുടെ വസതിയിൽ നേതാക്കൾ ഇന്നലെ യോഗം ചേർന്നിരുന്നു. തൃണമൂൽ കോൺഗ്രസിന് മുന്നിൽ ആവർത്തിച്ച് ബി.ജെ.പി പരാജയപ്പെട്ടതോടെ ആണ് ഫണ്ടുകൾ തടഞ്ഞ് സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ശ്രമം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചിട്ടുണ്ട്. മഹാറാലി നടക്കുന്ന ദിവസം സ്കൂൾ ജോലി അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അഭിഷേക് ബാനർജിയോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News