ഒഡിഷയിൽ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീക്ക് നേരെ ബജ്‌റംഗ് ദൾ പ്രവര്‍ത്തകരുടെ ആക്രമണം
ഖുർദ ജംഗ്ഷനിൽ വെച്ചാണ് 30 പേരടങ്ങുന്ന ഒരു സംഘം വളഞ്ഞിട്ട് ഭീഷണിപ്പെടുത്തി ട്രെയിനിൽ നിന്ന് ഇറക്കിവിട്ടത്
ഭുവനേശ്വർ: ഒഡിഷയിൽ മതപരിവർത്തനം ആരോപിച്ചു കന്യാസ്ത്രീയെയും കൂടെ ഉണ്ടായിരുന്ന കുട്ടികളെയും ബജ്‌റംഗ് ദൾ പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഭോപ്പാലിലെ ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ 29കാരിയായ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സഹോദരനെയും നാല് പെൺകുട്ടികളെയുമാണ് ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിശീലന പരിപാടിക്ക് പോവുകയായിരുന്നു ഇവര്‍.
ഭുവനേശ്വറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഖുർദ ജംഗ്ഷനിൽ വെച്ചാണ് 30 പേരടങ്ങുന്ന ഒരു സംഘം വളഞ്ഞിട്ട് ഭീഷണിപ്പെടുത്തി ട്രെയിനിൽ നിന്ന് ഇറക്കിവിട്ടത്. കഴിഞ്ഞ 31ന് രാത്രി 11ന് ഒഡിഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ബെറാംപൂർ രൂപത സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുക്കാനായി ജാർസുഗുഡയിലേക്ക് റൂർക്കല രാജ്യ റാണി എക്സ്‌പ്രസിൽ യാത്ര ചെയ്യവേയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന പെൺകുട്ടികളിലൊരാൾ കടുത്ത തലവേദനയെത്തുടർന്ന് കരയുന്നതുകണ്ട ഏതാനും ബജ്‌റംഗ് ദൾ പ്രവർത്തകർ കുട്ടിയെ കന്യാസ്ത്രീ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞു തടയുകയും വിവരം പ്രചരിപ്പിക്കുകയും ചെയ്തു.
ട്രെയിൻ ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ ബജ്‌റംഗ് ദൾ പ്രവർത്തകരുടെ വലിയ സംഘം കാത്തുനിൽക്കുകയും ട്രെയിനിനുള്ളിലേക്ക് ഇരച്ചുകയറി ചോദ്യം ചെയ്യുകയുമായിരുന്നു. കുട്ടികളെ അനധികൃത മതപരിവർത്തനം നടത്തുന്നതിനായി കടത്തിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
കന്യാസ്ത്രീക്കു നേരേ അക്രമിസംഘത്തിന്‍റെ കയ്യേറ്റവും വധഭീഷണിയുമുണ്ടായി. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അക്രമികൾ പിന്മാറിയില്ല. ഇതിനിടെ കന്യാസ്ത്രീയുടെ ഫോൺ അക്രമികൾ തട്ടിയെടുക്കുകയും ആർ പി എഫ് ആഫീസിലേക്കു കൊണ്ടുപോയി ഞായറാഴ്‌ച വരെ ഇവർ ഇവിടെയാണ് കഴിഞ്ഞത്. വിവരമറിഞ്ഞ കന്യാസ്ത്രിയുടെ മാതാ പിതാക്കളും പെൺകുട്ടികളുടെ മാതാപിതാക്കളും സ്ഥലത്തെത്തിയിരുന്നു. അക്രമിസംഘത്തിന്‍റെ ആരോപണം വ്യാജം ആണെന്ന് അറിഞ്ഞതോടെ വൈകിട്ട് ആറ് മണിയോടെ ഇവരെ വിട്ടയക്കുകയായിരുന്നു.