Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊല്‍ക്കത്ത: നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ നാദിയ ജില്ലയിലെ കാളിഗഞ്ച് മണ്ഡലത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആലിഫ അഹമ്മദിനെ നാമനിര്‍ദ്ദേശം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ നസീറുദ്ദീന്‍ അഹമ്മദിന്റെ മകളാണ് ആലിഫ അഹമ്മദ്. ഈ വര്‍ഷം ഫ്രബ്രുവരിയിലാണ് അദ്ദേഹം മരിച്ചത്.
തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 'ലാല്‍ ദാ' എന്നറിയപ്പെട്ട അഹമ്മദിന് എഴുപത് വയസ്സായിരുന്നു. നിരവധി തവണ പശ്ചിമ ബംഗാള്‍ അസംബ്ലിയില്‍ കാളിഗഞ്ചിനെ പ്രതിനിധികരിച്ചിട്ടുണ്ട്.
2011 ലും 2021 ലും ജയിച്ച അഹമ്മദ് 2016 ൽ കോൺഗ്രസിനോട് തോറ്റിരുന്നു. 2021 ൽ 53.35 ശതമാനം വോട്ട് നേടിയാണ് മണ്ഡലം തിരിച്ചു പിടിച്ചത്.
മെയ് ഒമ്പതിന് കാളിഗഞ്ചിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2,000 ത്തിലധികം വോട്ടർമാരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. കാളിഗഞ്ചിലെ ആകെ വോട്ടർമാരുടെ എണ്ണം 2,52,670 ആണ്. ജൂണ്‍ 19നാണ് ഉപതെരഞ്ഞെടുപ്പ്.