പശുക്കടത്ത്; മമതയുടെ വിശ്വസ്തൻ അനുബ്രത മൊണ്ഡലിനെ സിബിഐ അറസ്റ്റ് ചെയ്തു

പശുക്കടത്തുമായി ബന്ധപ്പെട്ട് അനുബ്രത മൊണ്ഡലിനെതിരെ 11 കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. മൊണ്ഡലിന്റെ അംഗരക്ഷകനായ സൈഗൽ ഹുസൈനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Update: 2022-08-11 10:47 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ് ബിർഭും ജില്ലാ പ്രസിഡന്റുമായ അനുബ്രത മൊണ്ഡലിനെ പശുക്കടത്ത് കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ സംഘം സിആർപിഎഫ് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയാണ് മൊണ്ഡലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച സമയം വേണമെന്ന് മൊണ്ഡലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് പെട്ടെന്നുള്ള അറസ്റ്റ്.

10 തവണ സമൺസ് അയച്ചിട്ടും മറുപടി നൽകാതെയാണ് മൊണ്ഡൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ കൂടുതൽ സമയം ചോദിക്കുന്നതെന്നാണ് സിബിഐ വാദം. വൻ സുരക്ഷാ സന്നാഹത്തോടെയെത്തിയ സിബിഐ സംഘം മൊണ്ഡലിന്റെ വീട് വളഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിർഭും മേഖലയിൽ വൻ സ്വാധീനമുള്ള നേതാവായ മൊണ്ഡലിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ പ്രതിഷേധമുണ്ടാവുമെന്ന് കരുതിയാണ് വൻ സുരക്ഷയൊരുക്കിയത്.

പശുക്കടത്തുമായി ബന്ധപ്പെട്ട് അനുബ്രത മൊണ്ഡലിനെതിരെ 11 കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. മൊണ്ഡലിന്റെ അംഗരക്ഷകനായ സൈഗൽ ഹുസൈനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാലിക്കടത്തുകാർക്കും മൊണ്ഡലിനുമിടയിൽ പണം കൈമാറാൻ ഇടനിലക്കാരനായി നിന്നത് സൈഗലാണെന്നാണ് സിബിഐ വാദം.

അധ്യാപക ജോലി കുംഭകോണക്കേസിൽ ടിഎംസി നേതാവ് പാർത്ഥ ചാറ്റർജി അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് മൊണ്ടലിന്റെ അറസ്റ്റ്. കോടിക്കണക്കിന് രൂപയുടെ ആരോപണമാണ് പശുക്കടത്ത് കേസിൽ ഉയർന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൊണ്ടലിനെ നേരത്തെ രണ്ട് തവണ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തിരുന്നു.

2020-ൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പശുക്കടത്ത് അഴിമതി കേസിൽ ഇയാളുടെ പേര് ഉയർന്നത്. സി.ബി.ഐയുടെ കണക്കനുസരിച്ച്, 2015-നും 2017-നും ഇടയിൽ 20,000-ലധികം കന്നുകാലികളെ അതിർത്തി കടത്തുന്നതിനിടെ അതിർത്തി സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News