ബി.ജെ.പി സമൂഹത്തിന് ഭാരം, മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇനി തെരഞ്ഞെടുപ്പുണ്ടാകില്ല: ത്രിപുരയിലെ പ്രതിപക്ഷ നേതാക്കള്‍

ത്രിപുരയിലും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു

Update: 2024-04-04 04:36 GMT
Editor : Jaisy Thomas | By : Web Desk

സുദീപ് റോയ് ബര്‍മന്‍

Advertising

അഗര്‍ത്തല: ബി.ജെ.പി സമൂഹത്തിന് തന്നെ ഭാരമാണെന്ന് ത്രിപുരയിലെ ഇന്‍ഡ്യ മുന്നണി നേതാക്കള്‍. മോദി മൂന്നാമതും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

''ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ച പ്രതികരണം നിങ്ങള്‍ കരുതുന്നതിലും അപ്പുറമാണ്. ത്രിപുരയിലും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങൾക്ക് ഈ സർക്കാരിൽ മടുത്തു'' കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോൺഗ്രസിലെത്തുന്നതിനു മുമ്പ് ബിപ്ലബ് ദേബിൻ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്ന ഏഴ് തവണ എം.എൽ.എയായ ബർമൻ, ബിജെ.പി അവരുടെ സർക്കാരിൻ്റെ നേട്ടങ്ങളെയും ഭാവിയിലേക്കുള്ള കാഴ്ചപ്പാടിനെയും കുറിച്ച് ഒരു റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിൻ്റെ പ്രചാരണ സാമഗ്രികൾ കത്തിച്ചും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ ആക്രമിച്ചും ജയിലിലടച്ചും കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി അറിയപ്പെടുന്നതിലാണ് ഇന്ത്യയുടെ അഭിമാനം.യുഎസും ജർമ്മനിയും യുഎന്നും ഇന്ത്യയുടെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ ഞങ്ങൾക്ക് വേദനയുണ്ട്. മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ റാങ്ക് 167ലേക്ക് താഴ്ന്നു. എന്നാൽ ബി.ജെ.പി അതേക്കുറിച്ച് പറയുന്നില്ല. അവർ ജനങ്ങളെ ഹിന്ദുക്കളും മുസ്‍ലിംങ്ങളുമായി ധ്രുവീകരിക്കുന്നു.സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഞങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുന്നു. രാജ്യത്തുടനീളം ബി.ജെ.പിയെ ജനങ്ങൾ തള്ളിക്കളയും'' ബര്‍മന്‍ കൂട്ടിച്ചേര്‍ത്തു. മോദി അധികാരത്തിൽ തിരിച്ചെത്തിയാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് സി.പി.എം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News