ഉത്തർപ്രദേശിന് പിറകേ ബംഗാൾ ഫ്‌ളൈഓവറുമായി ത്രിപുരയുടെ പരസ്യം; പരിഹാസവുമായി തൃണമൂൽ

ഇന്ത്യ ഒരൊറ്റ രാജ്യമെന്ന പരിഗണനയിലാണ് ചിത്രം ഉപയോഗിച്ചതെന്നു ത്രിപുര ബിജെപി വക്താവ് സുബ്രതാ ചക്രവർത്തി

Update: 2021-12-12 11:26 GMT
Advertising

ഉത്തർപ്രദേശിന് പിറകേ ബംഗാൾ ഫ്‌ളൈഓവറുമായി ത്രിപുരയുടെ പരസ്യം. പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ട്വിറ്ററിൽ നിന്നടക്കം പരസ്യം നീക്കം ചെയ്തിരിക്കുകയാണ്. ത്രിപുര സർക്കാർ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ മുദ്രവാക്യമെഴുത്ത് മത്സരത്തിന്റെ പോസ്റ്ററിലാണ് ബംഗാളിലെ സീൽദാഹ് ഫ്‌ളൈഓവറിന്റെ ചിത്രം ഉപയോഗിച്ചത്. 'മൈ ഗവ് ത്രിപുര' എന്ന ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലായിരുന്നു പോസ്റ്റർ പങ്കുവെച്ചിരുന്നത്.

'ഈ റോഡുകൾ ത്രിപുരയിലേതാണെന്നാണോ ബിജെപി വാദിക്കുന്നത്, അവിടെ നല്ല റോഡുകളില്ലേ, ബിപ്ലബ് കുമാർ ഇത്രത്തോളം വികസനത്തെ അവഗണിച്ചോ?. ബംഗാളിലെ മമതാ ബാനർജിയുടെ വികസനം ബിജെപി നിരന്തരം മോഷ്ടിക്കുകയാണ്' തൃണമൂൽ കോൺഗ്രസ് നേതാവ് ട്വിറ്ററിൽ പരിഹസിച്ചു.

കൊൽക്കത്തയിലെ പ്രശസ്തമായ സീൽദാഹ് ഫ്‌ളൈഓവറിന്റെ ഫോട്ടോ ഉപയോഗിച്ച് ത്രിപുരയുടെ വികസനം കാണിക്കുന്നത് ബംഗാളിന്റെ വികസന ഗാഥ അംഗികരിക്കലാണെന്ന് ത്രിപുര തൃണമൂൽ കോൺഗ്രസ് കൺവീനർ സുബാൽ ഭൗമിക് ട്വിറ്ററിൽ പറഞ്ഞു. ആദ്യം യുപിയും ഇപ്പോൾ ത്രിപുരയും ഇക്കാര്യം അംഗീകരിച്ചെന്നും ഇനി കേന്ദ്ര സർക്കാറിനെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബംഗാൾ എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം കുറിച്ചു.

എന്നാൽ പ്രതിപക്ഷ കക്ഷികളുടെ നിഷേധാത്മ സ്വഭാവത്തെയാണ് വിമർശനം വ്യക്തമാക്കുന്നതെന്ന് ത്രിപുര ബിജെപി വക്താവ് സുബ്രതാ ചക്രവർത്തി പറഞ്ഞു. തിരക്കേറിയ റോഡുകളിലെ സുരക്ഷയെ കുറിച്ച് ദേശീയ തലത്തിലുള്ള മത്സരത്തിന്റെ പോസ്റ്ററായിരുന്നു അതെന്നും അവർ പറഞ്ഞു. ഇന്ത്യ ഒരൊറ്റ രാജ്യമെന്ന പരിഗണനയിലാണ് ചിത്രം ഉപയോഗിച്ചതെന്നും അവർ വ്യക്തമാക്കി. ഡിസൈൻ ചെയ്യുമ്പോൾ ലഭിച്ച ഫോട്ടോ ഉപയോഗിച്ചതാണെന്നും ദേശീയ മത്സരമായതിനാൽ എവിടെ നിന്നുള്ളതാണെന്ന് പരിഗണിച്ചിട്ടില്ലെന്നും ത്രിപുരയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

നേരത്തെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന പദ്ധതികൾ വിശദീകരിച്ച് ' ട്രാൻസ്‌ഫോമിങ് ഉത്തർപ്രദേശ് അണ്ടർ യോഗി ആദിത്യനാഥ്' എന്ന തലക്കെട്ടിൽ ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന പരസ്യത്തിൽ ബംഗാൾ ഫ്‌ളൈഓവറിന്റെ ചിത്രം ടുത്തിയത്‌ വിവാദമായിരുന്നു. തുടർന്ന് പരസ്യം പ്രസിദ്ധീകരിച്ച 'ദ ഇന്ത്യൻ എക്സ്പ്രസ്'ഖേദം പ്രകടിപ്പിച്ചിരുന്നു. പരസ്യത്തിലെ വിവാദ ചിത്രം അശ്രദ്ധമായി വന്നതാണെന്നും സംഭവിച്ച തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നുന്നുവെന്നും വിവാദ ചിത്രം പത്രത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കുമെന്നും പത്രം അറിയിക്കുകയായിരുന്നു. കൊൽക്കത്തയിലെ ഫ്‌ളൈഓവർ, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങൾ ഉത്തർപ്രദേശിലാണെന്ന വ്യാജേന പരസ്യത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിലേക്ക് നയിച്ചിരുന്നത്. ചിത്രം വിവാദമായതോടെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ അന്ന് രംഗത്തെത്തിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News