ക്രിസ്തുമതത്തിലേക്ക് മാറാൻ പണം വാഗ്ദാനം ചെയ്‌തെന്ന് പരാതി; ഗുജറാത്തിൽ രണ്ട് പേർ അറസ്റ്റിൽ
പ്രദേശത്തെ ചിലർക്ക് ക്രിസ്തുമതത്തിലേക്ക് മാറാൻ ഇവർ 20,000 രൂപയും മറ്റു ചില കാര്യങ്ങളും വാഗ്ദാനം ചെയ്തെന്നാണ് പരാതി.
അഹമ്മദാബാദ്: ക്രിസ്തു മതത്തിലേക്ക് മതംമാറാൻ നാട്ടുകാർക്ക് പണവും മറ്റും വാഗ്ദാനം ചെയ്തെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് സംഭവം. സുരേന്ദ്രനഗർ സ്വദേശി രതിലാൽ പർമാർ, രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശി ഭൻവർലാൽ പർധി എന്നിവരാണ് അറസ്റ്റിലായത്.
പ്രദേശത്തെ ചിലർക്ക് ക്രിസ്തുമതത്തിലേക്ക് മാറാൻ ഇവർ 20,000 രൂപയും മറ്റു ചില കാര്യങ്ങളും വാഗ്ദാനം ചെയ്തെന്നാണ് പരാതി. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം തങ്ങളുടെ അനാരോഗ്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ സഹായിച്ചുവെന്നും അങ്ങനെ ചെയ്യുന്നവർക്ക് സമാനമായ നേട്ടങ്ങൾ ലഭിക്കുമെന്നും ഇരുവരും അവകാശപ്പെട്ടതായി എഫ്‌ഐആറിൽ പറയുന്നു.
ജില്ലയിലെ വദാലി ടൗണിലെ ചിലരെയാണ് ഇരുവരും ക്രിസ്തുമത പരിവർത്തനത്തിന് പണവും മറ്റും വാഗ്ദാനം ചെയ്ത് സമീപിച്ചതെന്ന് വദാലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ ഡി.ആർ പധേരിയ പറഞ്ഞു. സംഭവത്തിൽ രഞ്ജതി ഭംഗുവെന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശങ്ങൾ ഇരുവരും നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് ഭംഗു പ്രദേശത്തെ വിഎച്ച്പി, ബജ്രംഗ്ദൾ നേതാക്കളെ വിവരമറിയിക്കുകയും ഇവർ ആരോപണവിധേയർ താമസിക്കുന്ന സ്ഥലത്തെത്തുകയും ചെയ്തു. തുടർന്ന് ഹിന്ദുത്വ സംഘടനകൾ വദാലി പൊലീസിനെ സമീപിക്കുകയും ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു.
പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിലായവർക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 299ാം വകുപ്പും (ഏതെങ്കിലുമൊരു മതത്തെയോ മതവിശ്വാസികളെയോ മനഃപൂർവം അധിക്ഷേപിക്കുക), ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമ പ്രകാരവുമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.