ചൊവ്വയിൽ കണ്ടെത്തിയ ഗർത്തങ്ങൾക്ക് യുപി,ബിഹാർ പട്ടണങ്ങളുടെ പേര്
മുർസാൻ, ഹിൽസ എന്നിങ്ങനെയാണ് ഗർത്തങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്
അഹമ്മദാബാദ്: ചൊവ്വയിൽ കണ്ടെത്തിയ പുതിയ ഗർത്തങ്ങൾക്ക് യുപിയിലെയും ബിഹാറിലെയും പട്ടണങ്ങളുടെ പേര്. മുർസാൻ, ഹിൽസ എന്നിങ്ങനെയാണ് ഗർത്തങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞരാണ് ഗർത്തങ്ങളുടെ നിർണായക കണ്ടുപിടിത്തത്തിന് പിന്നിൽ.
ചൊവ്വയിൽ താർസിസ് അഗ്നിപർവത മേഖലയിലാണ് മൂന്ന് ഗർത്തങ്ങൾ ശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തിയത്. ഗർത്തങ്ങളിൽ ഒന്നിന് ഇന്ത്യൻ ജിയോഫിസിസ്റ്റും പിആർഎൽ മുൻ ഡയറക്ടറുമായ പ്രൊഫ.ദേവേന്ദ്ര ലാലിന്റെ പേരും നൽകിയിട്ടുണ്ട്. 1972 മുതൽ 1983വരെ പിആർഎല്ലിന്റെ ഡയറക്ടറായിരുന്നു പ്രൊഫ.ലാൽ. പേരുകൾക്ക് ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ(ഐഎയു) അംഗീകാരം നൽകി.
65 കിലോമീറ്റർ വിസ്തൃതിയിലാണ് ലാൽ ക്രേറ്റർ എന്ന് പേരുള്ള ഗർത്തമുള്ളത്. മൂന്ന് ഗർത്തങ്ങളിൽ ഏറ്റവും വലുതാണിത്. ഗർത്തത്തിൽ ലാവ നിറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തൽ. എന്നാൽ ഗർത്തത്തിന്റെ മുകൾഭാഗത്തിന് താഴെ 46 മീറ്ററോളം കനത്തിൽ ദ്രവ്യശേഖരമുണ്ടെന്നാണ് നാസയുടെ റഡാർ രേഖകൾ തെളിയിക്കുന്നത്. ഇത്ചൊവ്വയിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന വാദങ്ങൾക്ക് ശക്തിപകരുകയും ചെയ്യുന്നു. ലാൽ ഗർത്തത്തിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ മറ്റ് രണ്ട് ഗർത്തങ്ങൾ കാരണമായിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
10 കിലോമീറ്റർ വിസ്തീർണമാണ് മുർസാൻ ഗർത്തത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ലാൽ ഗർത്തത്തിന്റെ കിഴക്ക് വശത്തുള്ള ഈ ഗർത്തത്തിന് യുപിയിലെ മുർസാൻ പട്ടണത്തിന്റേതാണ് പേര്. ലാൽ ഗർത്തത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹിൽസ ഗർത്തത്തിനും 10 കിലോമീറ്റർ വിസ്തൃതിയുണ്ട്. ബിഹാറിലാണ് ഹിൽസ എന്ന് പേരുള്ള പട്ടണം.