കരൂർ ദുരന്തത്തിന് ശേഷം ഈറോഡിൽ റാലിയുമായി വിജയ്; ഉപാധികളോടെ റാലിക്ക് അനുമതി നൽകി പൊലീസ്
വിജയമംഗലം അമ്മൻ കോവിലിന്‍റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് പരിപാടി
ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം ഈറോഡിലെ വിജയമംഗലയിൽ റാലിയുമായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. വിജയമംഗലം അമ്മൻ കോവിലിന്‍റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് പരിപാടി.പരിപാടിയിൽ വിജയ് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപമുള്ള വേദിയിൽ 25000ത്തിലധികം പേര്‍ തടിച്ചുകൂടിയിട്ടുണ്ട്. വൈകിട്ട് 6.30 ഓൺലൈനായി ടിവികെയുടെ യോഗവും നടക്കുന്നുണ്ട്. അതേസമയം വിജയിന്‍റെ അവസാന ചിത്രമായ ജന നായകന്‍റെ രണ്ടാമത്തെ ടീസര്‍ ഇന്ന് പുറത്തുവിടും. ജനുവരി 9നാണ് ചിത്രത്തിന്‍റെ റിലീസ്.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി നൽകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ പൊലീസ് അറിയിച്ചിരുന്നു. സെപ്തംബംര്‍ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നു.