Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗുവാഹതി: ജൂണിൽ പ്രളയം അവസാനിച്ചതിന് പിന്നാലെ അസമിൽ വീണ്ടും മഴ ശക്തമാകുന്നു. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊാക്കത്തില്‍ രണ്ട് പേര്‍ മരിച്ചു. തെക്കന്‍ അസമിലെ ബരാക്, കുഷിയാര നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ 22,000ലധികം പേരെ മാറ്റി പാര്‍പ്പിച്ചു.
ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഗോലാഘട്ട് ജില്ലയില്‍ നിന്നാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ബരാക്, കുഷിയാര എന്നിവ കൂടാതെ അസമിലെ മറ്റ് പ്രധാന നദികളായ ദിഖൗ, ദിസാംങ്ങ്, ധന്‍സിരി ഉള്‍പ്പടെ ബ്രഹ്മപുത്ര നദിയുടെ പോഷകനദികള്‍ കരകവിഞ്ഞ് ഒഴുകിയത് നിരവധിപേരെ പ്രളയം ബാധിക്കാന്‍ കാരണമായി.
കൂടാതെ നോര്‍ത്ത് ഇസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഡോയോംങ് ജലവൈദ്യുത പദ്ധതിയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് പ്രളയത്തിന്റെ തോത്ക്കൂട്ടി. ഇതുവരെ 4548 പേരെ പ്രളയം ബാധിച്ചു. ദുരന്തബാധിതര്‍ക്കായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പ്രളയം ബാധിച്ച അസമിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ദേശീയ ദുരന്ത നിവാരണ സേന നിരവധി പേരെയും കന്നുകാലികളെയും പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.