സന്ദേശ്ഖലി കേസിൽ ട്വിസ്റ്റ്; ബി.ജെ.പിയുടെ കള്ളക്കേസെന്ന് 'ഇരകള്‍', തൃണമൂൽ നേതാക്കൾക്കെതിരായ പീഡന പരാതി പിൻവലിച്ചു

''ദേശീയ വനിതാ കമ്മിഷന്റെ പേരിലുള്ള പേപ്പറുമായാണ് ബി.ജെ.പി മഹിളാ മോർച്ച നേതാക്കൾ എത്തിയിരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്''

Update: 2024-05-09 13:01 GMT
Editor : Shaheer | By : Web Desk
Advertising

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സന്ദേശ്ഖലി ലൈംഗിക പീഡനക്കേസിൽ ട്വിസ്റ്റ്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പീഡനക്കേസിൽ രണ്ട് സ്ത്രീകള്‍ പരാതി പിൻവലിച്ചു. ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി തൃണമൂൽ നേതാക്കൾക്കെതിരെ പരാതി നൽകാൻ നിർബന്ധിക്കുകയും ഒരു വെള്ളപ്പേപ്പർ നൽകി ഒപ്പിടീക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയാണ് ഇവർ പരാതിയിൽനിന്നു പിന്മാറിയിരിക്കുന്നത്.

മാധ്യമങ്ങൾക്കുമുന്നിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇരകളിലൊരാളായ യുവതി വെളിപ്പെടുത്തിയത്. തൃണമൂൽ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശൈഖ് ഷാജഹാൻ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു സ്ത്രീകൾ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. ബലാത്സംഗം ചെയ്യുകയും ഭൂസ്വത്തുക്കൾ തട്ടുകയും ചെയ്തു എന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. പരാതി നൽകിയ യുവതിയും ഭർതൃമാതാവുമാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ വനിതാ കമ്മിഷന്റെ പേരിലുള്ള പേപ്പറുമായാണ് ബി.ജെ.പി മഹിളാ മോർച്ച നേതാക്കൾ എത്തിയിരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്. എന്നാൽ, തൃണമൂൽ നേതാക്കൾക്കെതിരെ വ്യാജ പരാതിയാണെന്നു പിന്നീടാണു വ്യക്തമാകുന്നത്. എന്നാൽ, പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

പിയാലി ദാസ്, മമ്പി ദാസ് എന്നിങ്ങനെ പേരുള്ള രണ്ടു സ്ത്രീകൾ ഒരു ദിവസം വീട്ടിൽ വന്ന് ഭർതൃമാതാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. സ്റ്റേഷനിൽ കയറിയ ശേഷം ഗേറ്റ് അകത്തുനിന്ന് പൂട്ടി. നൂറുദിന തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പാചകപ്പണിക്കു കിട്ടേണ്ട തുക ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയാണ് അമ്മ നൽകിയത്. പരാതി നൽകിയ ശേഷം ഒരു വെള്ളപ്പേപ്പർ നൽകി ഒപ്പിടാൻ ആശ്യപ്പെട്ടു. എന്ത് ആവശ്യത്തിനാണിതെന്നെന്നും അവർ അറിയില്ലായിരുന്നു. എന്നാൽ, തൃണമൂൽ നേതാക്കൾ പീഡിപ്പിച്ച സ്ത്രീകളുടെ പട്ടികയിൽ താനും അമ്മയുമുണ്ടെന്ന വിവരമാണു പിന്നീട് അറിയുന്നതെന്ന് യുവതി പറഞ്ഞു.

പീഡന പരാതിയിൽ പറയുന്ന ഒരു സംഭവവും നടന്നിട്ടില്ല. പരാതിയിൽ പറയുന്നതു പ്രകാരം തൃണമൂൽ കോൺഗ്രസിന്റെ ഓഫിസിലേക്ക് രാത്രിസമയത്ത് ഒരിക്കലും നിർബന്ധിച്ചു കൊണ്ടുപോയിട്ടില്ല. നേരത്തെ തയാറാക്കിയ വ്യാജ ആരോപണങ്ങളായിരുന്നു അവ. അത്തരത്തിലൊരു വ്യാജ പരാതിയുടെയും ഭാഗമാകാൻ തങ്ങൾക്കു താൽപര്യമില്ലെന്നു യുവതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുൻപാകെ യുവതിയുടെയും ഭർതൃമാതാവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ പരാതികളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഊരുവിലക്ക് ഉൾപ്പെടെ നേരിടുന്നുണ്ടെന്നും അയൽക്കാരൊന്നും മിണ്ടാതെയായെന്നും ഇവർ പറയുന്നു. പുതിയ നീക്കത്തിനുശേഷം ആരൊക്കെയോ തങ്ങളെ പിന്തുടരുന്നുണ്ടെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ അറിയിച്ചിട്ടുണ്ട്. പൊലീസിൽനിന്നു സംരക്ഷണവും തേടിയിട്ടുണ്ട് ഇവർ.

തൃണമൂൽ നേതാക്കൾ ഓഫിസിൽ കൊണ്ടുപോയും അല്ലാതെയും നിരന്തരം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് സന്ദേശ്ഖലിയിലെ മൂന്ന് സ്ത്രീകൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. പരാതിയിൽ പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെനിൽക്കെ പുറത്തുവന്ന പരാതികൾ ബംഗാളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിനിടെ കേസിൽ പ്രധാന പ്രതിയായ ശൈഖ് ഷാജഹാനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസ് ഇദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. ഷാജഹാന്റെ അടുത്തയാളുകളും തൃണമൂൽ നേതാക്കളുമായ ഷിബപ്രസാദ് ഹസ്‌റ, ഉത്തരം സർദാർ എന്നിവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Summary: Two Women withdraws charges against TMC leaders in Sandeshkhali rape case, says 'BJP forced me'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News