ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി: താനെ കോര്‍പറേഷനിലെ 67 പ്രതിനിധികളില്‍ 66 പേരും ഷിന്‍ഡെയ്ക്കൊപ്പം

താനെ കോര്‍പറേഷനിലെ 66 ശിവസേന പ്രതിനിധികള്‍ ഏക്നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി

Update: 2022-07-07 13:25 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി. താനെ മുനിസിപ്പൽ കോർപറേഷനിലെ 67 ശിവസേന പ്രതിനിധികളില്‍ 66 പേരും ഏക്നാഥ് ഷിൻഡെ ക്യാമ്പിലെത്തി.

താനെ കോര്‍പറേഷനിലെ 66 പ്രതിനിധികള്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടെന്നാണ് റിപ്പോര്‍ട്ട്. ശിവസേനയുടെ 67 പ്രതിനിധികളില്‍ 66 പേരും കൂറുമാറിയതോടെ ഉദ്ധവ് താക്കറെയ്ക്ക് താനെ കോര്‍പറേഷനിലുള്ള ആധിപത്യം നഷ്ടമായി. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് താനെ മുനിസിപ്പൽ കോർപറേഷൻ.

Advertising
Advertising

ഉദ്ധവ് താക്കറെയുടെ മഹാ അഗാഡി സഖ്യത്തെ അട്ടിമറിച്ചാണ് ശിവസേനയിലെ വിമതര്‍ ബി.ജെ.പിക്കൊപ്പം ഭരണത്തിലേറിയത്. വിമതനീക്കത്തിന് നേതൃത്വം നല്‍കിയ ഏക്നാഥ് ഷിന്‍ഡേയാണ് പുതിയ മുഖ്യമന്ത്രി. ശിവസേനയിലെ 40 എം.എല്‍‌.എമാരെ വിമത പക്ഷത്തെത്തിച്ച ഷിന്‍ഡെ, വിശ്വാസ വോട്ടെടുപ്പിലും വിജയിച്ചു. കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ടുകള്‍ അധികം നേടിയാണ് ഷിന്‍ഡേ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്.

യഥാര്‍ഥ ശിവസേന തങ്ങളാണെന്നാണ് ഷിന്‍ഡേ പക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ ചിഹ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോടതിയുടെ നിലപാട് നിര്‍ണായകമാകും. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് പക്ഷത്തിന്‍റെ ഹരജി ജൂലൈ 11നാണ് കോടതി പരിഗണിക്കുക. അതിനുശേഷമാകും ഷിന്‍ഡെ മന്ത്രിസഭയിലെ മന്ത്രിമാരെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. 45 അംഗ മന്ത്രിസഭയില്‍ 25 പേര്‍ ബി.ജെ.പിയില്‍ നിന്നാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഷിന്‍ഡെയ്ക്കൊപ്പമുള്ള 13 പേര്‍ മന്ത്രിമാരാകും. സ്വതന്ത്രരില്‍ നിന്ന് ഏഴ് പേരെയാണ് എം.എല്‍.എ സ്ഥാനത്തേക്ക് പരിഗണിക്കുക.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News