ഉഡുപ്പി കൊലപാതകം; പ്രതി പ്രവീൺ ഛൗഗലയെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു

മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ എയർ ഇന്ത്യയിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു

Update: 2023-11-18 14:00 GMT
Advertising

മംഗളൂരു: ഉഡുപ്പി കൊലപാതക്കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലയെ(39) എയർ ഇന്ത്യ വിമാക്കമ്പനി സസ്പെൻഡ് ചെയ്തു. മൽപെ നജാറുവിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അരുൺ. മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ എയർ ഇന്ത്യയിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും എയർ ഇന്ത്യ കൊല്ലപ്പെട്ടവരുടെ കൂടെയാണെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.

പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാൻ, ഐനാസ്, അസീം എന്നിവരെയാണ് ചൗഗലെ കൊന്നത്. നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. മഹാരാഷ്ട്ര സ്വദേശിയായ പ്രതിയെ 14ാം തിയ്യതിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 12ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.


വിവാഹിതനായ പ്രതിക്ക് രണ്ട് മക്കളുണ്ട്. ഇയാൾ കുടുംബസമേതം മംഗളൂരുവിലാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട ഐനാസുമായി ഛൗഗലെ ജോലിയുടെ ഭാഗമായുള്ള യാത്രകളിലൂടെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അമിതമായി പൊസസീവ് ചിന്താഗതിയുള്ള പ്രതിയുടെ അസൂയയും വിദ്വേഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.

അഫ്‌നാനും ഉപരിപഠനത്തിനായി മംഗളൂരുവിലുള്ള സഹോദരി അയ്‌നാസും ദീപാവലി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. അയ്‌നാസാണ് തങ്ങളുടെ വീടിന്റെ ലൊക്കേഷൻ ഛൗഗലെക്ക് നൽകിയത്. മൊബൈൽ ഫോൺ ലൊക്കേഷനും ഫോൺ രേഖകളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കൊലപാതകം നടന്ന സമയത്ത് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും പൊലീസ് അന്വേഷണം ഇയാളിലേക്കെത്തിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ദീപാവലി ആഘോഷിക്കാനായി ബെലഗാവിയിലെ കുടച്ചിയിൽ തന്റെ അമ്മാവന്റെ അടുത്തേക്കാണ് ഇയാൾ പോയത്. ആക്രമണത്തിൽ നൂർ മുഹമ്മദിന്റെ മാതാവ് ഹാജറക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബാത്ത്‌റൂമിൽ കയറി വാതിലടച്ചാണ് അവർ രക്ഷപ്പെട്ടത്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.


പ്രതി എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പൊലീസിന് പ്രാഥമിക വിവരങ്ങൾ കൈമാറിയത്. മാസ്‌ക് ധരിച്ച ഒരാൾ സന്ദേകാട്ടെ സ്റ്റാൻഡിൽനിന്ന് കയറി കൊലപാതകം നടന്ന വീടിന് സമീപത്ത് ഇറങ്ങിയെന്നും 15 മിനിറ്റിനകം മടങ്ങിയെത്തി മറ്റൊരു ഓട്ടോയിൽ കയറിപ്പോയെന്നുമായിരുന്നു ഇയാളുടെ മൊഴി.

പ്രതിയുമായുള്ള തെളിവെടുപ്പിനിടെ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. പ്രതിയെ കൂട്ടക്കൊല നടന്ന നെജാരുവിനടുത്ത് കെമ്മണ്ണിലെ ഹമ്പൻകാട്ടിൽ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രകോപിതരായത്. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് പ്രതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കൊലപാതകം ആഘോഷിച്ച് പോസ്റ്റിട്ട ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ പൊലീസ് കേസെടുത്തിരുന്നു. 'ഹിന്ദു മന്ത്ര' hindu_mantra_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. കൊലപാതകം ആഘോഷിക്കുകയും പ്രതികളെ മഹത്വവത്ക്കരിക്കുകയും ചെയ്തെന്ന പേരിൽ ഉഡുപ്പി സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം പൊലീസാണ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. '15 മിനിറ്റിനുള്ളിൽ നാല് മുസ്‌ലിംകളെ കൊന്ന ലോക റെക്കോർഡ് നേടി' എന്നാണ് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News