ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം.

Update: 2025-12-11 11:49 GMT

ന്യൂഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം. 14 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം.

ഈ മാസം 16 മുതൽ 29 വരെയാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു.

ഡിസംബർ 27നാണ് സഹോദരിയുടെ വിവാഹം. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായ് ആണ് ഉമർ ഖാലിദി‌‍ന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

നേരത്തെ, സുപ്രിംകോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ വാദിച്ചു. തുടർന്ന്, വിശദമായ വാദം കേട്ട ശേഷം ഉമര്‍ ഖാലിദടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ സുപ്രിംകോടതി മാറ്റി.

2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

നേരത്തെ, ഡൽഹി ഹൈക്കോടതിയും വിചാരണാ കോടതിയും ഉമറിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ട് വർഷം മുമ്പ് മറ്റൊരു സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News