വിവാഹ നിശ്ചയം മുടങ്ങി; വരന്‍റെ സഹോദരന്‍റെ മീശ വടിച്ച് വധുവിന്‍റെ കുടുംബത്തിന്‍റെ പ്രതികാരം
രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം
ജയ്പൂര്‍: വിവാഹവുമായി ബന്ധപ്പെട്ട് നിരവധി കൗതുകകരമായ വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്നുണ്ടാകാറുണ്ട്. നിസ്സാര കാരണത്തില്‍ കല്യാണം മുടങ്ങുന്നതും വ്യത്യസ്തമായ വിവാഹങ്ങളുമെല്ലാം ഇതില്‍പെടും. അപ്രതീക്ഷിതമായി വിവാഹനിശ്ചയം മുടങ്ങിയതിനെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ പ്രതികാരം വീട്ടിയ സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം.
വരൻ്റെ സഹോദരി വധുവിനെ അംഗീകരിക്കാത്തതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. പിന്നീട് വിവാഹ നിശ്ചയം മുടങ്ങുകയായിരുന്നു. ഇത് വധുവിന്‍റെ വീട്ടുകാരെ ചൊടിപ്പിച്ചു. രോഷാകുലരായ കുടുംബം വരന്‍റെ സഹോദരനെ പിടിച്ചുകെട്ടി ബലമായി മീശ വടിക്കുകയായിരുന്നു.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവത്തിന്‍റെ നിജസ്ഥിതി വിശദീകരിച്ച് വരന്‍ രംഗത്തെത്തി. വിവാഹ നിശ്ചയം വേണ്ടെന്നു വച്ചത് തൻ്റെ കുടുംബമല്ലെന്നും തങ്ങള്‍ തെറ്റുകാരല്ലെന്നും പറയുന്നു. വിവാഹ നിശ്ചയത്തിന് മുന്‍പ് തങ്ങളെ കാണിച്ച ഫോട്ടോയിലുള്ള യുവതിയെയല്ല ചടങ്ങിന് കണ്ടതെന്നും രണ്ടും രണ്ട് പേരാണെന്നാണ് വരന്‍ പറയുന്നത്. ഇതേത്തുടർന്നാണ് തീരുമാനമെടുക്കാൻ വരൻ്റെ വീട്ടുകാർ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ടത്.തങ്ങളെ അനാവശ്യ സമ്മര്‍ദത്തിലാക്കിയെന്നും പരസ്യമായി അപമാനിച്ചുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.