യു.പിയില്‍ സ്റ്റേഷനില്‍ വെച്ച് 13കാരിയെ ബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

എസ്‌.എച്ച്.ഒ തിലക്ധാരി സരോജിനെ അറസ്റ്റ് ചെയ്തെന്ന് യു.പി പൊലീസ് അറിയിച്ചു

Update: 2022-05-04 15:05 GMT
Advertising

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എസ്‌.എച്ച്.ഒ തിലക്ധാരി സരോജിനെ അറസ്റ്റ് ചെയ്തെന്ന് യു.പി പൊലീസ് അറിയിച്ചു. പ്രയാഗ് രാജിൽ വെച്ചാണ് എസ്.എച്ച്.ഒയെ പിടികൂടിയത്. ബലാൽസംഗത്തിനിരയായെന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ 13കാരിയെയാണ് എസ്‌.എച്ച്.ഒ പീഡിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് സംഭവം. പെൺകുട്ടിയെ നാല് പേർ ചേര്‍ന്ന് ഏപ്രിൽ 22ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട് ഗ്രാമത്തിലെത്തിയ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

മൊഴി രേഖപ്പെടുത്തുന്നതിനായി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. കുട്ടിയുടെ അമ്മായിയും അപ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എഫ്.ഐ.ആറില്‍ ഇവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് എസ്.എച്ച്.ഒ തിലക്ധാരി സരോജിനെതിരെ കേസെടുത്തത്.

"ഒരു സന്നദ്ധ സംഘടനയാണ് പെണ്‍കുട്ടിയെ എന്‍റെ ഓഫീസിലേക്ക് കൊണ്ടുവന്നത്. സംഭവിച്ചത് എന്താണെന്ന് വിശദമായി പെണ്‍കുട്ടി സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കേസെടുക്കുമെന്ന് ഞാനവര്‍ക്ക് ഉറപ്പ് നല്‍കി. എസ്.എച്ച്.ഒയെ ഇതിനകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്"- ലളിത്പൂര്‍ പൊലീസ് ചീഫ് നിഖില്‍ പഥക് പറഞ്ഞു.

ബുൾഡോസറുകളുടെ ശബ്ദത്തിൽ ക്രമസമാധാന പാലനം അടിച്ചമർത്തപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു- "ലളിത്പൂരിൽ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തതും തുടർന്ന് പരാതി നൽകാൻ പോയപ്പോൾ പൊലീസ് തന്നെ അവളെ വീണ്ടും ബലാത്സംഗം ചെയ്തതും ബുൾഡോസറുകളുടെ ശബ്ദത്തിൽ ക്രമസമാധാന പരിഷ്‌കാരങ്ങൾ എങ്ങനെ അടിച്ചമർത്തപ്പെടുന്നുവെന്ന് കാണിക്കുന്നു. പൊലീസ് സ്‌റ്റേഷനുകൾ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം അല്ലെങ്കില്‍ പിന്നെ എവിടെ പോയി പരാതി നല്‍കും?" പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Summary- A 13-year-old rape survivor was allegedly raped again by the in-charge of a police station in Uttar Pradesh's Lalitpur, when she had gone there to register a complaint. The accused official, Station House Officer Tilakdhari Saroj, has been arrested.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News