മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി; ഗ്യാൻവാപി കൈവശാവകാശ കേസ് പരിഗണിക്കാൻ യു.പി കോടതി

മസ്ജിദിനകത്ത് പ്രവേശിക്കുന്നതിൽ നിന്ന് മുസ്‌ലിംകളെ വിലക്കണമെന്നും കോംപ്ലക്‌സ് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഹരജിയിലുണ്ട്

Update: 2022-11-17 12:24 GMT
Advertising

ഗ്യാൻവാപി മസ്ജിദ് കോംപ്ലക്‌സിന്റെ കൈവശാവകാശത്തിനായി ഹിന്ദുപക്ഷം വാദിച്ചതിനെതിരെ അഞ്ജുമൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി വാരണാസി അതിവേഗ കോടതി തള്ളി. വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജി നിലനിൽക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി മഹേന്ദ്രകുമാർ പാണ്ഡ്യ കേസ് ഡിസംബർ രണ്ടിന് കേൾക്കുമെന്ന് പറഞ്ഞു. ശിവലിംഗം ഉണ്ടെന്ന് അവകാശപ്പെടുന്നിടത്ത് ആരാധന അനുവദിക്കണമെന്നതിനൊപ്പം മസ്ജിദിനകത്ത് പ്രവേശിക്കുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കണമെന്നും കോംപ്ലക്സ് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഹരജിയിലുണ്ട്.

വിശ്വവേദിക് സനാതൻ സംഘ് അന്താരാഷ്ട്ര ജനറൽ സെക്രട്ടറി കിരൺ സിംഗാണ് ഹരജി സമർപ്പിച്ചത്. അഭിഭാഷകരായ ശിവം ഗൗർ, അനുപം ദ്വിവേദി, മാൻ ബഹദൂർ സിംഗ് എന്നിവരാണ് ഹിന്ദു പക്ഷത്തിനായി കോടതിയിൽ ഹാജരായത്. നിലവിൽ ഗ്യാൻവാപി തർക്കത്തിലെ പ്രധാന കേസ് വാരണാസി ജില്ലാ കോടതി പരിഗണിക്കുകയാണ്. അതിനിടെയാണ് മറ്റൊരു ഹരജി പ്രാദേശിക കോടതി കേൾക്കുന്നത്.

ഗ്യാൻവാപിയിലെ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരുമെന്ന് നവംബർ 11ന്‌ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇനി ഒരു ഉത്തരവുണ്ടാവുന്നതു വരെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പാക്കാനും കോടതി നിർദേശിച്ചിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് ക്ഷേത്ര കമ്മിറ്റി അവകാശവാദമുന്നയിച്ചതിനെത്തുടർന്ന് സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഹിന്ദുത്വ സംഘടനകളുടെ ഹരജി കോടതി പരിഗണിക്കുകയായിരുന്നു.

അതേസമയം, ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിംഗിന് വാരണാസി ജില്ലാ കോടതി അനുമതി നൽകിയിരുന്നില്ല. കാർബൺ ഡേറ്റിംഗ് ആവശ്യപ്പെട്ട് ഹിന്ദുമത വിശ്വാസികളായ നാല് സ്ത്രീകൾ നൽകിയ ഹരജി കോടതി തള്ളുകയായിരുന്നു. ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താനായിരുന്നു കാർബൺ ഡേറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ ഹരജി നൽകിയിരുന്നത്. സുപ്രിംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹരജി തള്ളിയത്. ശിവലിംഗത്തിൽ യാതൊരു തരത്തിലുമുള്ള മാറ്റങ്ങൾ വരുത്താൻ അനുവദിക്കരുതെന്ന് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഹരജിക്കെതിരെ മസ്ജിദ് കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. കാർബൺ ഡേറ്റിംഗ് പോലുള്ള നടപടികൾ പള്ളിക്കകത്ത് അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. കാർബൺ ഡേറ്റിംഗ് നടത്താൻ കോടതി അനുമതി നൽകരുതെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് വാരാണാസി ജില്ലാ ജഡ്ജ് എ.കെ വിശ്വേശൻ ശിവലിംഗം കാർബൺ ഡേറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയത്.

വരാണസിയിൽ സ്ഥിരതാമസമാക്കിയ ഡൽഹി സ്വദേശികളായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിങ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകൾ പള്ളിക്കുള്ളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങൾ മുമ്പാകെ പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ മുമ്പ് ഹരജി നൽകിയിരുന്നു.

ഒരു ഹരജിയുടെ അടിസ്ഥാനത്തിൽ ഗ്യാൻവാപി പള്ളിയുടെ ചിത്രീകരണം നടത്താൻ വാരണാസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിലെ ചിത്രീകരണത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ വാരണാസി കോടതിയിൽ സമർപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഹിന്ദു ഹരജിക്കാർ വിശദാംശങ്ങൾ പുറത്തുവിട്ടത് വിവാദമായിരുന്നു. പള്ളിയിലെ 'വുദുഖാന'യിൽ 'ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് ഈ കുളം സീൽ ചെയ്യാൻ അന്ന് കേസ് പരിഗണിച്ച ജഡ്ജി ഉത്തരവിട്ടിരുന്നു. അതേസമയം നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദിനുള്ളിലെ ഈ ചിത്രീകരണം ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഗ്യാൻവാപി പള്ളി വഖഫിന്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹരജി നിലനിൽക്കില്ലെന്നതുമാണ് പള്ളി കമ്മിറ്റിയുടെ വാദം.

UP court agrees to hear plea seeking permission to offer prayers at so-called 'Shivalingam' inside Gyanvapi Masjid complex

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News