യുപിയിലെ കര്‍ഷകന് 14.6 കോടി രൂപ നികുതി കുടിശിക അടക്കാന്‍ നോട്ടീസ്; സംഭവിച്ചത്...
ഡല്‍ഹിയിലെ നാരായണ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ സ്ഥാപനം ആരംഭിച്ചത് കര്‍ഷകൻ്റെ ആധാറും പാന്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു
ലഖ്‌നോ: നികുതി അടക്കണമെന്ന് കാണിച്ച് തനിക്ക് വന്ന ഔദ്യോഗിക നോട്ടീസ് കണ്ട് യുപിയിലെ ബദാവൂനിലെ കര്‍ഷകനായ ബോല സിങ് ഞെട്ടി. നൂറോ ആയിരമോ ആയിരുന്നില്ല, കോടികളുടെ കണക്കായിരുന്നു നോട്ടീസില്‍. വരുമാന നികുതിയും ജിഎസ്ടി കുടിശികയും ഉള്‍പ്പെടെ 14.66 കോടി രൂപ അടക്കണമെന്ന് കാണിച്ചായിരുന്നു നോട്ടീസ്.
കൃഷി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചുപോകുന്ന ബോല സിങ് ഉടന്‍ നോട്ടീസുമായി അധികൃതരെ കണ്ടു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും ഡെപ്യൂട്ടി കമ്മീഷണറും ഉള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തി. അപ്പോഴാണ് കണ്ടെത്തിയത്, കര്‍ഷകനായ ബോല സിങ്ങിന്റെ പേരില്‍ ഡല്‍ഹിയില്‍ ഒരു ബിസിനസ് സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. അതിന്റെ രേഖകളില്‍ ബോല സിങ്ങിന്റെ പേരും വിലാസവും ആധാറും തിരിച്ചറിയല്‍ രേഖകളുമൊക്കെയാണുള്ളത്.
എന്നാല്‍, തനിക്ക് ഡല്‍ഹിയില്‍ സ്ഥാപനമില്ലെന്നും ഡല്‍ഹി കണ്ടിട്ടുപോലുമില്ലെന്നും ബോല സിങ് പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കര്‍ഷകന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് മറ്റ് ചിലരാണ് ഡല്‍ഹിയില്‍ സ്ഥാപനം തുടങ്ങിയതെന്ന് കണ്ടെത്തിയത്. ഡല്‍ഹിയിലെ നാരായണ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ റാം സ്റ്റോര്‍ എന്ന സ്ഥാപനമാണ് ബോല സിങ്ങിന്റെ രേഖകള്‍ ഉപയോഗിച്ച് ആരംഭിച്ചത്. ഇക്കാര്യം ബോല സിങ് അറിഞ്ഞതേയുണ്ടായിരുന്നില്ല. സ്ഥാപനത്തിന് ഇതുവരെ 1.02 കോടി രൂപ ആദായനികുതി കുടിശികയും 13.62 കോടി രൂപ ജിഎസ്ടി കുടിശികയുമുണ്ട്.
തന്റെ ആധാറും പാന്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തട്ടിയെടുത്ത് മറ്റാരോ തന്റെ പേരില്‍ സ്ഥാപനം തുടങ്ങിയതാണെന്നും ഡല്‍ഹിയിലെ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും കാണിച്ച് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബോല സിങ്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് അവനീഷ് റായി പറഞ്ഞു.