മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി; ദലിത് കര്‍ഷകന്‍ ജീവനൊടുക്കി

പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാതെ പെണ്‍കുട്ടിയെ മാത്രം വിളിച്ചുവരുത്തി കേസ് ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തിലാണ് പിതാവ് ജീവനൊടുക്കിയത്

Update: 2023-05-19 08:00 GMT

പ്രതീകാത്മക ചിത്രം

പിലിഭിത്ത്: പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് ദലിത് കര്‍ഷകന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് സംഭവം. പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാതെ പെണ്‍കുട്ടിയെ മാത്രം വിളിച്ചുവരുത്തി കേസ് ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തിലാണ് പിതാവ് ജീവനൊടുക്കിയത്.

മേയ് 9നാണ് സംഭവം. കൃഷിസ്ഥലത്ത് പണിയെടുക്കുന്ന പിതാവിനെ കാണാൻ പോകുന്നതിനിടെയാണ് 11 വയസുള്ള പെണ്‍കുട്ടിയെ 20 വയസ് പ്രായമുള്ള മൂന്നു പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അടുത്ത ദിവസം പിതാവ് പൊലീസില്‍ പരാതി നല്‍കി. എന്നാൽ പൊലീസ്, എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം ചില ബന്ധുക്കളുടെ സാന്നിധ്യത്തിൽ കേസ് ഒത്തുതീര്‍പ്പാക്കി. പെൺകുട്ടിയുടെ മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തില്ല. പൊലീസ് ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

Advertising
Advertising

അമരിയയില്‍ ബുധനാഴ്ച രാത്രി പിതാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍റെ പരാതിയിന്‍മേല്‍ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. രാഹുൽ, ദിനേശ്, രോഹിത് എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം), 342 (തെറ്റായ തടവിൽ), 120-ബി (ക്രിമിനൽ ഗൂഢാലോചന), 306 (പ്രേരണ) എന്നിവ പ്രകാരം കേസെടുത്തതായും രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മൂന്നാമന്‍ ഒളിവിലാണെന്നും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് അമരിയ എസ്.എച്ച്.ഒ മുകേഷ് ശുക്ല പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമരിയ പൊലീസ് സ്റ്റേഷന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചുവെന്ന് സമ്മതിച്ച് എസ്പി (പിലിഭിത്) അതുൽ ശർമ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ.എസ്.പി അനിൽ കുമാർ യാദവിനോട് ഉത്തരവിട്ടതായും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. തന്‍റെ സഹോദരിയെ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് രാത്രി മുഴുവന്‍ ബലാത്സംഗം ചെയ്തതായി സഹോദരന്‍റെ പരാതിയില്‍ പറയുന്നു. പൊലീസിനെ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകനായ അശ്വിനി അഗ്നിഹോത്രി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News