പെൺകുട്ടിയാണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ വയർ കീറി; യുവാവിന് ജീവപര്യന്തം

യുവതി എട്ട് മാസം ഗർഭിണി ആയിരിക്കെയാണ് സംഭവം

Update: 2024-05-24 12:43 GMT
Advertising

ബറേലി: ജനിക്കാനിരിക്കുന്നത് പെൺകുഞ്ഞ് ആണോയെന്നറിയാൻ ഭാര്യയുടെ വയർ കീറിയ യുവാവിന് ജീവപര്യന്തം ശിക്ഷ. ഉത്തർപ്രദേശിലെ ബുദ്വാൻ സ്വദേശിയായ പന്ന ലാലിനാണ് ബറേലി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. ഇയാൾ 50,000 രൂപ പിഴയും അടയ്ക്കണം.

പന്ന ലാലിന്റെ ഭാര്യ അനിത ദേവി എട്ട് മാസം ഗർഭിണി ആയിരിക്കെ, 2020 സെപ്റ്റംബറിലാണ് സംഭവമുണ്ടാകുന്നത്. 25 വർഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 5 പെൺകുഞ്ഞുങ്ങളാണ് ദമ്പതികൾക്ക്. പന്ന ലാലിന് ആഗ്രഹം ആൺകുഞ്ഞ് വേണമെന്നും. ഈ പേരും പറഞ്ഞ് ഇയാൾ അനിതയെ ഉപദ്രവിക്കുക പതിവായിരുന്നു. ഇതിനിടെയാണ് അനിത വീണ്ടും ഗർഭിണിയാകുന്നത്.

ഈ കുഞ്ഞ് പെണ്ണ് ആണെന്നാണ് ഒരു പുരോഹിതൻ പന്ന ലാലിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് ഗർഭച്ഛിദ്രം നടത്താൻ പന്ന ലാൽ സ്ഥിരം അനിതയെ നിർബന്ധിച്ചിരുന്നു. എന്നാലിവർ വഴങ്ങിയിരുന്നില്ല. ഇതോടെയാണ് ഇവരുടെ വയർ കീറി കുഞ്ഞിന്റെ ലിംഗനിർണയം നടത്താൻ പന്ന ലാൽ തീരുമാനിക്കുന്നത്. ഒരു ദിവസം രാത്രി ഇയാൾ വീട്ടിലെത്തി അരിവാൾ ഉപയോഗിച്ച് അനിതയുടെ വയർ കീറുകയായിരുന്നു.

അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പൊലീസെത്തി അനിതയെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ജീവൻ രക്ഷിക്കാനായെങ്കിലും കുഞ്ഞ് മരിച്ചു. തുടർന്നാണ് കൊലപാതകശ്രമത്തിന് പന്ന ലാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നത്. തുടർന്ന് 2021ൽ കുറ്റപത്രം സമർപ്പിച്ചു. ഈ കേസിലാണ് വ്യാഴാഴ്ച കോടതി ശിക്ഷ വിധിച്ചത്. യുവതിയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിച്ചതിന് ഇയാൾക്കെതിരെ 313 വകുപ്പ് പ്രകാരവും കേസുണ്ട്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആദ്യം പന്ന ലാൽ കുറ്റം നിഷേധിച്ചിരുന്നു. കയ്യബദ്ധം സംഭവിച്ചതാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ അനിതയുടെ മൊഴിയുൾപ്പടെ തെളിവുകൾ ഹാജരാക്കിയതോടെ കോടതിയിൽ ഇയാൾക്ക് പിടിച്ചു നിൽക്കാനായില്ല.

പന്ന ലാൽ ചെയ്ത കുറ്റം അനിതയെ മാത്രമല്ല, സമൂഹത്തെ ഒന്നാകെ ബാധിക്കുന്നതാണ് എന്നായിരുന്നു ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി സൗരഭ് സക്‌സേനയുടെ നിരീക്ഷണം. പന്ന ലാലിന് നിയമങ്ങളെ പുല്ലുവിലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾക്ക് കോടതി പിഴയും വിധിച്ചത്.

വർഷം രണ്ടായെങ്കിലും പന്ന ലാലിന് തക്ക ശിക്ഷ കിട്ടിയതിൽ സന്തോഷമുണ്ടെന്നാണ് അനിതയുടെ കുടുംബം പ്രതികരിച്ചത്. എന്നാൽ അനിതക്ക് ഇതുവരെ പൂർണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ലെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News