യുപിയിൽ മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനെ കുത്തിക്കൊന്ന് ഭാര്യയും ആൺസുഹൃത്തും; മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മിൽ സിമന്‍റിട്ടടച്ചു

കുടുംബം നല്‍കിയ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Update: 2025-03-19 08:08 GMT

ലഖ്നൗ: മകന്റെ ജന്മദിനമാഘോഷിക്കാൻ നാട്ടിലെത്തിയ മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കുത്തിക്കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വെള്ളം നിറയ്ക്കുന്ന ഡ്രമ്മിലിട്ട് സിമന്റ് തേച്ച് അടച്ചു. ഉത്തർപ്രദേശിലെ മീറഠിലെ ഇന്ദിരാ ന​ഗറിലാണ് കൊടുംക്രൂരത അരങ്ങേറിയത്. 29കാരനായ സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മുസ്കാന്‍ റസ്തോഗി(27)യും കാമുകന്‍ സാഹില്‍ ശുക്ല (25) എന്ന മോഹിതും അറസ്റ്റിലായി.

മാര്‍ച്ച് നാലിനാണ് മുസ്കാനും സാഹിൽ ശുക്ലയും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടയ്ക്കുകയായിരുന്നു. മകനെ കാണാതായതോടെ സംശയം തോന്നിയ സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Advertising
Advertising

2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാരും ബന്ധത്തെ എതിർത്തിരുന്നു. ഭാര്യക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്‍റ് നേവിയിലെ ജോലി ഉപേക്ഷിച്ച് മീറഠില്‍ വാടക വീട്ടിടെടുത്ത് താമസം തുടങ്ങി. 2019ല്‍ ദമ്പതികള്‍ക്ക് മകള്‍ ജനിച്ചു. അതിനിടെ തന്‍റെ സുഹൃത്തായ സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞു. ഇതോടെ വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറി.

പിന്നീട് വീണ്ടും മര്‍ച്ചന്‍റ് നേവിയിൽ തന്നെ ജോലി ലഭിക്കുകയും 2023ൽ സൗരഭ് ലണ്ടനിലേക്ക് പോവുകയും ചെയ്തു. ഇതോടെ സാഹിലും മുസ്കാനും തമ്മിലുള്ള ബന്ധം വലുതാവുകയായിരുന്നു. ലണ്ടനില്‍ ജോലി ചെയ്തിരുന്ന സൗരഭ് മകളുടെ പിറന്നാളിനായി ഫെബ്രുവരി 24നാണ് നാട്ടിലെത്തിയത്. ഇതോടെ സൗരഭിനെ ഇല്ലാതാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് നാലിന് സൗരഭിന്‍റെ ഭക്ഷണത്തില്‍ മുസ്കാന്‍ ഉറക്കഗുളിക ചേര്‍ത്തുനൽകി.

ഉറക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ശേഷം മൃതദേഹം 15 കഷണങ്ങളാക്കി ഡ്രമ്മിനകത്താക്കുകയും സിമന്റ് തേച്ച് ഒളിപ്പിച്ചുവയ്ക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനും ഭാര്യ ശ്രമിച്ചു. സാഹിലിനൊപ്പം

ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് വിനോദസഞ്ചാരത്തിന് പോയ മുസ്കാൻ സൗരഭിന്റെ ഫോണും കൈയിലെടുത്തിരുന്നു. തുടർന്ന്, സംശയമുണ്ടാവാതിരിക്കാൻ ഈ ഫോണിൽനിന്ന് സൗരഭിന്റെ വീട്ടുകാർക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്തു. എന്നാൽ നിരവധി തവണ വിളിച്ചിട്ടും മകൻ ഫോണെടുക്കാതായതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍, സംശയത്തെ തുടർന്ന് പൊലീസ് മുസ്കാനെയും സാഹിലനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മില്‍ താഴ്ത്തി സിമന്‍റ് ഉപയോഗിച്ച് മൂടിയതായി ഇരുവരും മൊഴി നല്‍കി. ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്നും സൗരഭിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News