ഇൻസ്റ്റ​ഗ്രാം റീൽ എടുക്കാൻ റെയിൽപാളത്തിൽ; ട്രെയിൻ തട്ടി 16കാരന് ദാരുണാന്ത്യം

ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിന് തൊട്ടരിലേക്ക് പോയി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

Update: 2023-10-02 08:20 GMT

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ബറാബാങ്കി ജില്ലയില്‍ ജഹാംഗീര്‍ബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ഫര്‍മാന്‍ എന്ന കുട്ടിയാണ് അതിവേ​ഗത്തിലെത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.

ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിന് തൊട്ടരിലേക്ക് പോയി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം പാളത്തിന് അരികില്‍ നിന്ന് സ്ലോമോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ഫർമാന്റെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

Advertising
Advertising

ഫർമാൻ റെയിൽവേ ട്രാക്കിനടുത്തേക്ക് പോകുന്നതും ഉടൻ തന്നെ അമിതവേ​ഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുന്നതും വീഡിയോയിൽ കാണാം. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഈ വർഷമാദ്യം ഡൽഹിയിലെ ഷഹ്ദരയിൽ റെയിൽവേ ട്രാക്കിൽ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിനിടിച്ച് മരിച്ചിരുന്നു. വാൻഷ് ശർമ (23), മോനു എന്ന വരുൺ (20) എന്നിവരാണ് മരിച്ചത്. ക്രാന്തി നഗർ മേൽപ്പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ഇൻസ്റ്റാം റീൽ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News