ചിക്കൻ ഫ്രൈ കുറച്ചേ വിളമ്പുന്നുള്ളുവെന്ന് വരന്‍റെ കുടുംബക്കാര്‍; തുടര്‍ന്ന് നടന്ന കൂട്ടത്തല്ലിൽ പരിക്കേറ്റത് 15 പേര്‍ക്ക്
വധുവിന്‍റെ കുടുംബം ചെറിയ അളവിലാണ് ചിക്കൻ ഫ്രൈ വിളമ്പുന്നതെന്നായിരുന്നു പരാതി
Photo| X
ബിജ്നോര്‍: വന്നുവന്ന് വിവാഹച്ചടങ്ങുകളിലെ സ്ഥിരം വില്ലനായി മാറിയിരിക്കുകയാണ് ചിക്കൻ . ഫ്രൈ കിട്ടാത്തതിന്‍റെ പേരിലും ലെഗ് പീസ് വിളമ്പാത്തതിന്‍റെ പേരിലുമൊക്കെ തല്ലുണ്ടായി അവസാനം വിവാഹം മുടങ്ങിയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിൽ നടന്ന വിവാഹത്തിലും പ്രശ്നത്തിന് തുടക്കമിട്ടതും ചിക്കൻ ഫ്രൈ ആയിരുന്നു.
നിക്കാഹ് ചടങ്ങിനിടെ വരന്‍റെ ഭാഗത്ത് നിന്നുള്ള അതിഥികൾ ആവശ്യത്തിന് ചിക്കൻ ഫ്രൈ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. വധുവിന്‍റെ കുടുംബം ചെറിയ അളവിലാണ് ചിക്കൻ ഫ്രൈ വിളമ്പുന്നതെന്നായിരുന്നു പരാതി. ഇതോടെ രംഗം ശാന്തമാക്കാൻ വധുവിന്‍റെ വീട്ടുകാര്‍ കൂടുതൽ ചിക്കൻ ഫ്രൈ കഷണങ്ങൾ കൊണ്ടുവന്ന് അതിഥികൾക്ക് വിളമ്പി. എന്നാൽ ഇതിൽ തൃപ്തരാകാത്ത വരന്‍റെ ബന്ധുക്കൾ മാന്യമായിട്ടല്ല ഭക്ഷണം വിളമ്പുന്നതെന്ന് അടുത്ത ആരോപണം ഉന്നയിച്ചു. ഇത് വധുവിന്‍റെ വീട്ടുകാരെ പ്രകോപിപ്പിച്ചു. താമസിയാതെ, തർക്കം നിയന്ത്രണാതീതമായി. വാക്കുതർക്കത്തിൽ നിന്ന് കയ്യാങ്കളിയിലേക്ക് മാറി. പരസ്പരം ഉന്തും തള്ളുമായി. ആളുകൾ അസ്വസ്ഥരായി ഓടുന്നതും പരസ്പരം ആക്രമിക്കുന്നതും മറ്റുള്ളവർ ആക്രോശിക്കുന്നതും തല്ലുന്നതും വീഡിയോയിൽ കാണാം.
15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബഹളത്തിനിടയിൽ പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഹൃദ്രോഗിയായ ഒരാളെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർച്ചയായ വഴക്ക് കാരണം നിക്കാഹ് ചടങ്ങുകൾ വീണ്ടും വീണ്ടും നിർത്തേണ്ടിവന്നു. വാദപ്രതിവാദങ്ങൾ വീണ്ടും തുടങ്ങിയതിനാൽ ഒരു തവണയല്ല, മൂന്ന് തവണയാണ് നിർത്തിവച്ചത്. തുടര്‍ന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ചടങ്ങുകൾ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്.