യുഎസ്ടിഎമ്മിന് 150 കോടി പിഴ ചുമത്താന്‍ നിര്‍ദേശിച്ച് സുപ്രിംകോടതി സമിതി; നടപടി ഹിമന്തബിശ്വ ശർമയുടെ പ്രതികാര നീക്കങ്ങൾക്കിടെ
യുഎസ്ടിഎമ്മിനെതിരെ പ്രളയ ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ആണ്ഹിമന്ത ബിശ്വ ശർമ്മ ഉന്നയിച്ചിരുന്നത്
ന്യൂഡല്‍ഹി: അസമിലെ ബിജെപി സർക്കാരിന്റെ പ്രതികാര നടപടിക്കിരയായിക്കൊണ്ടിരിക്കുന്ന മേഘാലയയിലെ സയൻസ് ആൻഡ് ടെക്‌നോളജി(യുഎസ്ടിഎം)ക്ക് 150.35 കോടി രൂപ നിര്‍ദേശവുമായി സുപ്രിംകോടതി നിയോഗിച്ച സമിതി.
കേന്ദ്രത്തിന്റെ അനുമതിയില്ലാതെ 25 ഹെക്ടർ വനഭൂമിയിലാണ് യൂനിവേഴ്‌സിറ്റി നിർമ്മിച്ചതെന്ന് ആരോപിച്ച് സുപ്രിംകോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റി (സിഇസി)യുടെതാണ് നടപടി.
യുഎസ്ടിഎമ്മും ചുറ്റുമുള്ള കെട്ടിടങ്ങളും കൈവശപ്പെടുത്തിയ മുഴുവൻ പ്രദേശവും ഒരു വർഷത്തിനുള്ളിൽ സാധാരണ വനത്തിലേക്ക് പൂർണ്ണമായും പുനഃസ്ഥാപിക്കണമെന്നും പിഴത്തുകയിൽ നിന്നുള്ള ഫണ്ട് കെട്ടിടങ്ങൾ പൊളിക്കാൻ ഉപയോഗിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സർവകലാശാല സ്ഥിതിചെയ്യുന്ന നിലവിലുള്ള 15.71 ഹെക്ടർ ഭൂമിയിൽ 13.62 ഹെക്ടറും വനഭൂമിയാണെന്നാണ് കേന്ദ്രം പറയുന്നത്.
യുഎസ്ടിഎമ്മിനെതിരെ പ്രളയ ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ആണ്ഹിമന്ത ബിശ്വ ശർമ്മ ഉന്നയിച്ചിരുന്നത്. യു.എസ്.ടി.എം വ്യാജ ബിരുദങ്ങൾ വിതരണം ചെയ്യുകയാണെന്നും ഹഖ് വഞ്ചനാപരമായ നടപടിയിലൂടെഒ.ബി.സി സർട്ടിഫിക്കറ്റ് നേടിയെന്നും ശർമ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും വ്യക്തമായ തെളിവുകളുണ്ടായിരുന്നില്ല.
അസം തലസ്ഥാന നഗരമായ ഗുവാഹത്തിയിലെ പ്രളയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് 'പ്രളയ ജിഹാദ്' ആരോപണവുമായി ഹിമാന്ത ബിശ്വശർമ രംഗത്ത് എത്തിയിരുന്നത്. അസം സ്വദേശിയായ മഹ്ബൂബുൽ ഹഖിന്റെ നേതൃത്വത്തിൽ മേഘാലയയിലെ റി-ഭോയ് ജില്ലയിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. മേഘാലയയിലെ മലയോര മേഖലയിലെ കുന്നുകൾ ഇടിച്ചും മരങ്ങൾ മുറിച്ചും അസമിനെതിരെ ബോധപൂർവം പ്രളയ ജിഹാദ് നടത്തുകയാണെന്നായിരുന്നു ആരോപണം.
അസം സ്വദേശിയായ മഹ്ബൂബുൽ ഹഖ് സ്ഥാപിച്ച എജുക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന് കീഴിൽ 2008ലാണ് സർവകലാശാല ആരംഭിക്കുന്നത്.