ഉത്തര്‍പ്രദേശില്‍ മദ്രസകളുടെ സമയക്രമം പുതുക്കി

ദേശീയഗാനം ആലപിച്ചുവേണം പ്രവര്‍ത്തനം തുടങ്ങാന്‍

Update: 2022-09-29 16:32 GMT

ഉത്തര്‍പ്രദേശില്‍ മദ്രസകളുടെ സമയക്രമം പുതുക്കി. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് സമയം. പ്രാര്‍ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിച്ചുവേണം പ്രവര്‍ത്തനം തുടങ്ങാനെന്നും നിര്‍ദേശമുണ്ട്. നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെയായിരുന്നു മദ്രസകളുടെ പ്രവര്‍ത്തന സമയം.

രാവിലെ 9 മണിക്ക് പ്രാർഥനയും ദേശീയ ഗാനാലാപനവും നടക്കും. രാവിലെ 9.20 മുതൽ ഉച്ചയ്ക്ക് 12 വരെ പഠനം. ഇടവേളയ്ക്ക് ശേഷം 12.30ന് പഠനം പുനരാരംഭിക്കും. 3 മണി വരെ തുടരും. എല്ലാ അംഗീകൃത മദ്രസകളും ഈ സമയക്രമം പാലിക്കണമെന്ന് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ ജഗ്മോഹൻ സിങ് ഉത്തരവില്‍ പറയുന്നു. അറബി, ഉറുദു, പേർഷ്യൻ എന്നിവയ്‌ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാർഥികൾക്ക് ക്ലാസുകൾ ഉണ്ടാകുമെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയര്‍മാന്‍ ഇഫ്തിക്കര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.

Advertising
Advertising

യു.പിയില്‍ മദ്രസകളുടെ സര്‍വേ പുരോഗമിക്കുകയാണ്. സെപ്തംബര്‍ 10 മുതല്‍ 78 ജില്ലകളിലാണ് സര്‍വെ. 25 ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ സര്‍വേ റിപ്പോർട്ട് സമർപ്പിക്കണം. കലക്ടര്‍മാര്‍ ഒക്ടോബർ 25നകം റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും.

സമാജ്‌വാദി പാർട്ടിയും ബി.എസ്.പിയും സര്‍വെയെ ചൊല്ലി യു.പി സര്‍ക്കാരിനെ വിമര്‍ശിച്ചു. ഭരണകൂടം സര്‍വെയിലൂടെ ഭയപ്പെടുത്തുകയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. അതേസമയം മദ്രസകളിൽ വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ടോയെന്നും അവരെ എങ്ങനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാമെന്നുമാണ് സർവേയിലൂടെ സർക്കാർ പരിശോധിക്കുന്നതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അവകാശപ്പെടുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News