നിയമസഭയിലെ വിവാദ പരാമർശം; ഉത്തരാഖണ്ഡ് ധന-പാര്‍ലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജി വെച്ചു

ഉത്തരാഖണ്ഡ് സംസ്ഥാനം മലയോരജനതയ്ക്ക് വേണ്ടി മാത്രമുള്ളതാണോ എന്നദ്ദേഹം സഭയിൽ ചോദിച്ചിരുന്നു

Update: 2025-03-17 02:24 GMT
Editor : സനു ഹദീബ | By : Web Desk

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാര്‍ലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജി വെച്ചു. ഫെബ്രുവരിയിലെ സംസ്ഥാന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ തുടർന്നാണ് രാജി. സംസ്ഥാനത്തെ മലയോര ജനതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് ആഴ്ചകൾക്ക് മുൻപ് പ്രേംചന്ദ് അഗര്‍വാള്‍ നടത്തിയത്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് രാജി സമർപ്പിച്ചതായി പ്രേംചന്ദ് അഗര്‍വാള്‍ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. രാജി പ്രഖ്യാപനത്തിനിടെ വളരെ വൈകാരികമായാണ് പ്രേംചന്ദ് മാധ്യമങ്ങളോട് സംസാരിച്ചത്. സംസ്ഥാനത്തിനുവേണ്ടി എപ്പോഴും പോരാടിയെങ്കിലും, സാഹചര്യം തന്നെ സ്ഥാനമൊഴിയാൻ നിർബന്ധിതനാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

ബജറ്റ് സമ്മേളനത്തിനിടെ കോൺഗ്രസ് എംഎൽഎ മദൻ ബിഷ്ടിന്റെ പരാമർശങ്ങളോട് പ്രതികരിക്കവെയാണ് പ്രേംചന്ദ് വിവാദ പ്രസ്താവനകൾ നടത്തിയത്. ഉത്തരാഖണ്ഡ് സംസ്ഥാനം മലയോരജനതയ്ക്ക് വേണ്ടി മാത്രമുള്ളതാണോ എന്നദ്ദേഹം സഭയിൽ ചോദിച്ചിരുന്നു. തുടർന്നുണ്ടായ ചൂടേറിയ വാദപ്രതിവാദത്തിനിടെ രോഷാകുലനായ അദ്ദേഹം അസഭ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്തിരുന്നു.

പിന്നാലെ തന്നെ മലയോര സമൂഹങ്ങളും പ്രതിപക്ഷവും അടക്കം അദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളുമായി രംഗത്ത് എത്തി. കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി 'ശവയാത്ര' ഉള്‍പ്പെടെ നടത്തിയിരുന്നു. തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ അഗർവാളിനെ വിളിച്ചുവരുത്തി സംയമനം പാലിക്കാൻ നിർദേശം നൽകി. പ്രതിഷേധത്തിൽ പ്രേംചന്ദ് ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിഷേധങ്ങൾ അടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് രാജി.


Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News