'ബാപ്പുവിനെ കൊല്ലാനുള്ള മികച്ച തോക്ക് കണ്ടെത്താന്‍ ഗോഡ്‌സെയെ സഹായിച്ചത് സവർക്കർ'; ആരോപണവുമായി ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി

''പൊലീസ് എഫ്.ഐ.ആർ പ്രകാരം ഗോഡ്‌സെയും വിനായക് ആപ്‌തെയും സവർക്കറെ 1948 ജനുവരി 26നും 27നും കണ്ടിട്ടുണ്ട്. ആ ദിവസം വരെ ഗോഡ്‌സെയുടെ കൈയിൽ തോക്കുണ്ടായിരുന്നില്ല.''

Update: 2022-11-22 06:19 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: രാഹുൽ ഗാന്ധിയുടെ വിമർശനത്തിനു പിന്നാലെ സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കർക്കെതിരെ കടുത്ത ആരോപണവുമായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും ഗ്രന്ഥകാരനുമായ തുഷാർ ഗാന്ധി. രാഷ്ട്രപിതാവിനെ കൊല്ലാൻ നാഥുറാം ഗോഡ്‌സെയ്ക്ക് പറ്റിയ തോക്ക് എത്തിച്ചുകൊടുത്തത് സവർക്കറാണെന്ന് തുഷാർ ഗാന്ധി ആരോപിച്ചു.

സവർക്കർ ബ്രിട്ടീഷുകാരനെ സഹായിക്കുക മാത്രമല്ല ചെയ്തത്. ബാപ്പുവിനെ(ഗാന്ധിജി) വധിക്കാൻ നല്ല തോക്ക് കണ്ടെത്തിക്കൊടുത്തതും സവർക്കറാണ്. ബാപ്പുവിന്റെ വധത്തിനു രണ്ടു ദിവസം മുൻപ് വരെ എം.കെ ഗാന്ധിയുടെ കൊലപാതകം നടത്താൻ പറ്റിയ വിശ്വസിക്കാവുന്ന ഒരു ആയുധവും ഗോഡ്‌സെയുടെ കൈയിലുണ്ടായിരുന്നില്ല-തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തു.

ആരോപണം പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു. വെറുതെ ആരോപണം നടത്തുകയല്ല. ചരിത്രത്തിൽ രേഖപ്പെപ്പെടുത്തിയ കാര്യമാണ് ഞാൻ പറഞ്ഞത്. പൊലീസ് എഫ്.ഐ.ആർ പ്രകാരം ഗോഡ്‌സെയും വിനായക് ആപ്‌തെയും സവർക്കറെ 1948 ജനുവരി 26നും 27നും കണ്ടിട്ടുണ്ട്. ആ ദിവസം വരെ ഗോഡ്‌സെയുടെ കൈയിൽ തോക്കുണ്ടായിരുന്നില്ലെന്നും തുഷാർ ഗാന്ധി വിശദീകരിച്ചതായി 'സീ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ഈ സന്ദർശനത്തിനു ശേഷം അദ്ദേഹം നേരെ ഡൽഹിയിലേക്കും പിന്നീട് അവിടെനിന്ന് ഗ്വാളിയോറിലേക്കുമാണ് പോയത്. ഇതിനുശേഷമാണ് മികച്ച തോക്ക് ലഭിച്ചത്. ബാപ്പുവിന്റെ കൊലപാതകത്തിനു രണ്ടു ദിവസം മുൻപാണ് ഇതെല്ലാം നടന്നത്. ഇതാണ് ഞാൻ പറഞ്ഞത്. പുതിയതെന്തെങ്കിലും ആരോപിച്ചിട്ടില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷയുമായി സവർക്കർ കത്തെഴുതിയിരുന്നെന്ന് 'ഭാരത് ജോഡോ യാത്ര'യ്ക്കിടെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. താൻ നിങ്ങളുടെ വിനീതദാസനായിരിക്കാൻ യാചിക്കുന്നുവെന്നതടക്കമുള്ള സവർക്കറുടെ കത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ചു. ബി.ജെ.പിക്കു പുറമെ ശിവസേന ഉദ്ദവ് താക്കറെ വിഭാഗമടക്കം രാഹുലിന്റെ പരാമർശത്തെ വിമർശിച്ചു. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം നൽകിയ പരാതിയിൽ മഹാരാഷ്ട്ര പൊലീസ് കേസെടുക്കുകയും ചെയ്തു.

പരാമർശത്തിലും രാഹുലിനെ പിന്തുണച്ച് തുഷാർ ഗാന്ധി രംഗത്തെത്തിയിരുന്നു. 'വീർ സവർക്കർ ബ്രിട്ടീഷുകാരുടെ സുഹൃത്തായിരുന്നു. ജയിലിൽനിന്ന് പുറത്തുകടക്കാൻ അദ്ദേഹം അവരോട് മാപ്പുപറഞ്ഞു. ഇത് വാട്സ്ആപ്പ് യൂനിവേഴ്സിറ്റിയിൽനിന്നുള്ളതല്ല, ചരിത്രരേഖയാണ്'-തുഷാർ ഗാന്ധി വ്യക്തമാക്കി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ തുഷാർ ഗാന്ധി പങ്കെടുക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഷെഗാവിലെ ബുൽധാന ജില്ലയിലാണ് രാഹുലിനൊപ്പം ചേർന്നത്.

Summary: 'VD Savarkar not only helped the British, he also helped Nathuram Godse find an efficient gun to murder Bapu(Mahatma Gandhi)'; Tushar Gandhi, Great grandson of Gandhiji, makes big claim

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News