വെങ്കയ്യ നായിഡുവിന്‍റെ ഉപരാഷ്ട്രപതി കാലാവധി ഇന്ന് അവസാനിക്കും

പ്രതിപക്ഷ സ്വരങ്ങളെ വകവെയ്ക്കാതെ സർക്കാരിന് ഒപ്പം നിൽക്കുന്ന സമീപനമാണ് വിവാദ ബില്ലുകളിൽ വെങ്കയ്യ നായിഡു സ്വീകരിച്ചതെന്നാണ് പ്രധാന വിമർശനം

Update: 2022-08-10 01:50 GMT
Advertising

എം വെങ്കയ്യ നായിഡുവിന്‍റെ ഉപരാഷ്ട്രപതി കാലാവധി ഇന്ന് അവസാനിക്കും. പ്രതിപക്ഷ സ്വരങ്ങളെ വകവെയ്ക്കാതെ സർക്കാരിന് ഒപ്പം നിൽക്കുന്ന സമീപനമാണ് വിവാദ ബില്ലുകളിൽ വെങ്കയ്യ നായിഡു സ്വീകരിച്ചതെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന വിമർശനം. രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതി ജഗദീപ് ധൻഘഡ് നാളെ ചുമതലയേൽക്കും.

നീണ്ടകാലത്തെ പാര്‍ലമെന്‍ററി പരിചയ സമ്പത്തുമായാണ് എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി പദത്തിലേക്ക് കടന്നുവന്നത്. 2017 ആഗസ്ത് 11ന് ഇന്ത്യയുടെ 13ആം ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. ശാന്തനും സൗമ്യനുമായ ഉപരാഷ്ട്രപതി എന്നാണ് അദ്ദേഹത്തെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ നിയമനിര്‍മാണ സഭയെ സമ്പുഷ്ടമാക്കിയ നേതാവാണ് വെങ്കയ്യ നായിഡു. രാജ്യസഭ 13 സെഷനുകളിലായി 261 സിറ്റിംഗുകള്‍ നടത്തി.

പാസാക്കിയതും മടക്കിയതുമായ 177 ബില്ലുകള്‍ രാജ്യസഭയിലൂടെ കടന്നുപോയി. വിവാദമായ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്‍, പൗരത്വ ഭേദഗതി ബിൽ, മുത്തലാഖ് ബില്‍, കാര്‍ഷിക ബില്‍ എന്നിവ ഇതിൽ ചിലത് മാത്രം. പ്രതിപക്ഷ സ്വരങ്ങളെ വകവയ്ക്കാതെ സർക്കാരിന് ഒപ്പം നിൽക്കുന്ന സമീപനമാണ് വിവാദ ബില്ലുകളിൽ വെങ്കയ്യ നായിഡു സ്വീകരിച്ചത്. അടിയന്തര പ്രമേയങ്ങൾക്ക് തുടർച്ചയായി അനുമതി നിഷേധിച്ചും രാജ്യസഭ അധ്യക്ഷൻ സർക്കാരിന് കീഴ്പ്പെട്ടു.

അവസാനത്തെ സമ്മേളന കാലയളവിൽ രാജ്യസഭയിൽ പ്രതിഷേധിച്ച 23 എംപിമാരെ സസ്പെൻഡ് ചെയ്തു. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന് കഴിഞ്ഞ ദിവസം രാജ്യസഭയിലും പാർലമെൻറ് സെൻറർ ഹാളിലും യാത്രയയപ്പ് നൽകി. 1949ൽ ആന്ധ്ര പ്രദേശിലെ നെല്ലൂർ ജില്ലയിലാണ് വെങ്കയ്യ നായിഡുവിന്‍റെ ജനനം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News