'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നെന്ന്; തബ്‌ലീഗ് ജമാഅത്ത്‌ പരിപാടി റദ്ദാക്കണതെന്ന് വിഎച്ച്പിയും ബജ്രം​ഗ്ദളും

തബ്‌ലീഗ് ജമാഅത്തിന്റെ പരിപാടിക്ക് ഫണ്ട് അനുവദിച്ച സംസ്ഥാന സർക്കാരിന്റേത് രാജ്യദ്രോഹ നടപടിയാണ് എന്നും വിഎച്ച്പി ആരോപിച്ചു.

Update: 2023-12-21 14:05 GMT

ഹൈദരാബാദ്: ഒരിടവേളയ്ക്ക് ശേഷം തബ്‌ലീഗ് ജമാഅത്തിനെതിരെ വീണ്ടും വ്യാജ പ്രചരണവുമായി സംഘ്പരിവാർ സംഘടനകളായ വിഎച്ച്പിയും ബജ്രം​ഗ്ദളും. അടുത്ത മാസം തെലങ്കാനയിലെ വികാറാബാദ് ജില്ലയിൽ നടക്കുന്ന സമ്മേളനം തടയണം എന്നാണ് സംഘടനകളുടെ ആവശ്യം. തബ്‌ലീഗി ജമാഅത്തിന്റെ വരാനിരിക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിനായി സംസ്ഥാന സർക്കാർ 2.45 കോടി ബജറ്റിൽ അനുവദിച്ചതിനു പിന്നാലെയാണ് വിഎച്ച്പി രം​ഗത്തെത്തിയത്.

നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ്, സമൂഹത്തിൽ നാശം വിതയ്ക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് പരിപാടിയെന്നും ഇത് റദ്ദാക്കണമെന്നും വിഎച്ച്പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 'തിന്മയും തീവ്രവാദ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന തബ്‌ലീഗ് ജമാഅത്തിന്റെ പരിപാടിക്ക് ഫണ്ട് അനുവദിച്ച സംസ്ഥാന സർക്കാരിന്റേത് രാജ്യദ്രോഹ നടപടിയാണ്'- എന്നും വിഎച്ച്പി ആരോപിച്ചു.

Advertising
Advertising

'പൊലീസ് അധികാരികൾ പ്രതികരിക്കുകയും യോഗത്തിന്റെ അനുമതി ഉടൻ റദ്ദാക്കുകയും വേണം. അല്ലെങ്കിൽ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും വലിയ പ്രക്ഷോഭം സംഘടിപ്പിക്കും'- നേതാക്കൾ മുന്നറിയിപ്പ് നൽകി.

'മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പരിപാടിയോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്ന് ആരോപിച്ച വിഎച്ച്പി, കോൺഗ്രസ് ഭരണത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതായും അവകാശപ്പെട്ടു. ഭീകരവാദം, ഇസ്‌ലാം പ്രചരിപ്പിക്കൽ, മതപരിവർത്തനം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകുന്ന തബ്‌ലീഗ് ജമാഅത്ത് സംഘടനയ്ക്ക് സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ അനുവദിക്കുന്നത് ഉചിതമല്ല'- വിഎച്ച്പി, ബജ്‌റംഗ്ദൾ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഫണ്ട് അനുവദിച്ചതിനെതിരെ സംസ്ഥാന ഗവർണർ, ഹൈക്കോടതി, ഡിജിപി എന്നിവരെ സമീപിക്കുമെന്നും വിഎച്ച്പി നേതാക്കൾ പറഞ്ഞു. കോൺഗ്രസിന്റെ ഹിന്ദു വിരുദ്ധ നടപടിയാണിതെന്നും ഇന്ത്യയുടെ പാരമ്പര്യത്തെയും നിലനിൽപ്പിനെയും ആക്രമിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ അവർ വളർത്തിയെടുത്തതായും വിഎച്ച്പി അവകാശപ്പെടുന്നു. കോൺഗ്രസിന്റെ രക്തത്തിൽ മുസ്‌ലിം ഡിഎൻഎ ഒളിഞ്ഞിരിക്കുന്നുവെന്നും വിഎച്ച്പി ആരോപിച്ചു.

നേരത്തെ, കോവിഡ് കാലത്തും വ്യാപക വ്യാജ പ്രചരണമാണ് തബ്‌ലീഗ് ജമാഅത്തിനെതിരെ സംഘ്പരിവാർ- തീവ്ര ഹിന്ദുത്വ സംഘടനകളിൽ നിന്നും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളിൽ നിന്നുമുണ്ടായത്. തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകരാണ് ഇന്ത്യയിൽ കോവിഡ് പരത്തുന്നതെന്നും അവർ റോഡുകളിലടക്കം തുപ്പി വൈറസ് പരത്തുകയാണെന്നുമായിരുന്നു കുപ്രചരണങ്ങളിൽ പ്രധാനം. നിരവധി തബ്‌ലീഗ് പ്രവർത്തകർക്കെതിരെ യു.പിയടക്കമുള്ള സംസ്ഥാനങ്ങളിൽ കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

പലയിടത്തും തബ്‌ലീഗ് ജമാഅത്തുകാർ ആക്രമിക്കപ്പെടുകയും മുസ്​ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക്​ ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. എന്നാൽ തബ്‌ലീഗുകാര്‍ കോവിഡ് വ്യാപിപ്പിച്ചതിന് തെളിവില്ലെന്നും അവരെ ഭരണകൂടവും മാധ്യമങ്ങളും ബലിയാടുകളാക്കുകയായിരുന്നു എന്നുമാണ് എഫ്.ഐ.ആറുകള്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്.

ഡല്‍ഹി മര്‍കസില്‍ എത്തിയ വിദേശികള്‍ക്കെതിരെ മാധ്യമങ്ങളില്‍ വലിയ പ്രചരണം നടക്കുകയും ഇന്ത്യയില്‍ കോവിഡ് പരത്തുന്നതില്‍ അവരാണ് ഉത്തരവാദികള്‍ എന്ന ചിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തടവിലാക്കിയ തബ്‌ലീഗുകാരെ വിവിധ കോടതികൾ മോചിപ്പിക്കുകയും ചെയ്തിരുന്നു.  


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News