പള്ളിക്ക് നേരെ സാങ്കല്‍പ്പിക അമ്പ് എയ്ത് ബി.ജെ.പി സ്ഥാനാര്‍ഥി; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോയിൽ പ്രതികരിച്ച് അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു

Update: 2024-04-19 03:45 GMT
Advertising

ഹൈദരാബാദ്: ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോ വിവാദമാകുന്നു. വെള്ള തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് അമ്പ് എയ്യുന്ന പോലെ കൈകള്‍ നീട്ടുന്നതായാണ് വീഡിയോ.

സംഭവത്തില്‍ പ്രതികരിച്ച് ഓള്‍ ഇന്‍ന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു. ' ബി.ജെ.പിയും ആര്‍.എസ്.എസും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി, അവരെന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാൻ  ഹൈദരാബാദിലെ യുവാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഹൈദരാബാദിന്റെ സമാധാനത്തിനായി നിങ്ങളുടെ വോട്ട് വിനിയോഗിക്കുക.  അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഹൈദരാബാദ് സീറ്റില്‍ മാധവി ലതയുടെ എതിര്‍ സ്ഥാനാര്‍ഥിയാണ് ഒവൈസി.

'നഗരത്തിന്റെ സമാധാനം നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ബി.ജെ.പി രാജ്യത്ത് വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നത്? ബി.ജെ.പി സ്ഥാനാര്‍ഥി പള്ളിയോട് കാണിച്ച ആംഗ്യം പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ല' . എ.ഐ.എം.ഐ.എം വക്താവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

'അവര്‍ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്, മതത്തിന്റെ പേരില്‍ വോട്ട് തേടുകയാണ്, അത് അനുവദനീയമല്ല. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തമാണ്. ഇതിനെതിരെ നടപടിയെടുക്കണം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ വിവാദമായതോടെ, അത് എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് മാധവി ലത രംഗത്ത് വന്നു.

'എന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്  ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അപൂര്‍ണ്ണമായ വീഡിയോ ആണെന്നും അത് കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നു' മാധവി ലത എക്‌സില്‍ കുറിച്ചു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News