'പൊലീസ് നടപടി ഭയന്ന് 48 മണിക്കൂറിനുള്ളിൽ നാട് വിട്ടത് 400ലധികം കുടുംബങ്ങൾ'; കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചതിന് പിന്നാലെ വിജനമായി ഗാസിയാബാദിലെ നഹൽ ഗ്രാമം

പൊലീസ് നടപടി ഭയന്ന് നിരവധി കുടുംബങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, പലായനം ചെയ്തതായി ഗ്രാമത്തലവൻ പറഞ്ഞു

Update: 2025-05-30 09:21 GMT
Editor : Jaisy Thomas | By : Web Desk

ഗാസിയാബാദ്: പൊലീസ് കോൺസ്റ്റബിൾ വെടിയേറ്റു മരിച്ചതിന് പിന്നാലെ വിജനമായി ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ നഹൽ ഗ്രാമം. 400ലധികം കുടുംബങ്ങളാണ് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തത്. ഞായറാഴ്ച രാത്രി നടന്ന റെയ്ഡിനിടെ നോയിഡയിൽ നിന്നുള്ള ഒരു പൊലീസ് കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചിരുന്നു. സംഭവം നടന്ന് 48 മണിക്കൂറുകൾക്കുള്ളിലാണ് ഗ്രാമവാസികൾ നാട് വിട്ടത്.

പൊലീസ് നടപടി ഭയന്ന് നിരവധി കുടുംബങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, പലായനം ചെയ്തതായി ഗ്രാമത്തലവൻ പറഞ്ഞു.ദേശീയപാത 9 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ, അപ്പർ ഗംഗാ കനാലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നഹലിൽ 15,000-20,000 ആളുകൾ താമസിക്കുന്നുണ്ട്. പ്രധാനമായും മുസ്‍ലിംകളാണ് ഇവിടെയുള്ളത്. ഞായറാഴ്ച രാത്രി 11 മണിയോടെ, ഗ്രാമം അക്രമാസക്തമായ ഒരു ഏറ്റുമുട്ടലിന് സാക്ഷിയായിരുന്നു. നോയിഡ പൊലീസ് നടത്തിയ റെയ്ഡിനിടെ കോൺസ്റ്റബിൾ സൗരഭ് കുമാറിന്‍റെ തലയ്ക്ക് വെടിയേറ്റു. പൊലീസിന്‍റെ നോട്ടപ്പുള്ളിയായിരുന്ന 22കാരനായ ഖാദിറിനെ അറസ്റ്റ് ചെയ്യാൻ നോയിഡയിലെ ഫേസ് 3 പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് സംഘം നടത്തിയ റെയ്ഡിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. മൂന്നാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട കാർ മ്യൂസിക് സിസ്റ്റങ്ങളും മറ്റ് ഓട്ടോ പാർട്‌സുകളും ഉൾപ്പെട്ട ഒരു മോഷണക്കേസിലെ പ്രതിയായിരുന്നു ഖാദിര്‍. ഖാദിർ അറസ്റ്റിലായപ്പോൾ, അയാളുടെ അനുയായികൾ സംഘത്തിന് നേരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു.

Advertising
Advertising

"സംഭവത്തിനുശേഷം, മിക്ക കടകളും തുറന്നിട്ടില്ല, നാട്ടുകാർ പുറത്തിറങ്ങാൻ ഭയപ്പെടുന്നു," ഗ്രാമത്തിലെ ഗ്രാമപ്രധാൻ ഹാജി തസ്സുവൂർ പറഞ്ഞു."തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ പൊലീസ് ഗ്രാമത്തിലാകെ തമ്പടിച്ചിരുന്നു. ഏകദേശം 50-60 പുരുഷന്മാരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കൂടുതൽ കുടുംബങ്ങൾ പോയി - പലരും നഹലിൽ നിന്ന് പുറത്തുപോകാൻ ഓട്ടോകൾക്കും മറ്റ് വാഹനങ്ങൾക്കുമായി കാത്തിരുന്നു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡസൻ കണക്കിന് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായി ഗ്രാമവാസികൾ പറയുമ്പോൾ, ചൊവ്വാഴ്ച വൈകുന്നേരത്തോടെ 14 പേരെ അറസ്റ്റ് ചെയ്തതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു. “നഹലിൽ ക്രമസമാധാനനില നിയന്ത്രണത്തിലാണ്, മുൻകരുതൽ നടപടിയായി പൊലീസിനെയും പിഎസി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്,” ഡിസിപി (റൂറൽ) സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു.

നഹലിൽ നോയിഡ പോലീസ് സംഘത്തെ ഒരു ജനക്കൂട്ടം ആക്രമിക്കുകയും കുറഞ്ഞത് രണ്ട് തവണയെങ്കിലും വെടിവയ്ക്കുകയും ചെയ്തു. തലയിൽ വെടിയേറ്റതിനെ തുടർന്ന് കോൺസ്റ്റബിൾ കുമാർ മരിച്ചു എന്നാണ് ഗാസിയാബാദിലെ മസൂരി പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. നോയിഡ പൊലീസ് ഖാദറിനെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി ഗാസിയാബാദ് പൊലീസിന് കൈമാറുകയും ചെയ്തു. സംഭവം തങ്ങളുടെ നാടിന് ചീത്തപ്പേരുണ്ടാക്കിയെന്ന് തസുവ്വൂർ പറഞ്ഞു."ഒരു യുവ പൊലീസുകാരൻ മരിച്ചു, അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഒരു മകനെ നഷ്ടപ്പെട്ടു. ഇവിടെ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നത് ശരിയാണ്, പക്ഷേ എല്ലാവരും കുറ്റവാളികളല്ല. ഖാദിർ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ആ രാത്രിയിൽ ഒരു വെടിയൊച്ച മാത്രമേ കേട്ടുള്ളൂ എന്ന് പറഞ്ഞ നിരവധി ആളുകളോട് ഞാൻ സംസാരിച്ചു. എന്നാൽ ഇപ്പോൾ പൊലീസ് നടപടിയെ ഭയന്ന് യുവാക്കൾ ഗ്രാമം വിട്ടുപോയി'' ഗ്രാമത്തലവൻ കൂട്ടിച്ചേര്‍ത്തു.

ഗ്രാമം ഭൂരിഭാഗവും ശൂന്യമായ അവസ്ഥയിലാണ്. കടകൾ അടഞ്ഞുകിടക്കുകയാണ്. നിരവധി വീടുകൾ പൂട്ടിയ അവസ്ഥയിലാണ്. തെരുവുകൾ ആളും അനക്കവുമില്ലാത്ത അവസ്ഥയിലാണ്. "രണ്ട് ദിവസമായി ആരും പുറത്തിറങ്ങുന്നില്ല. എല്ലാവരും ഭയന്നിരിക്കുകയാണ്. കുടുംബങ്ങൾ ഓട്ടോകളിലോ, റിക്ഷകളിലോ, മറ്റ് മാര്‍ഗങ്ങൾ വഴിയോ ബന്ധുക്കളുടെ അടുത്തേക്ക് പോകാൻ കഴിയുന്നത്രയും സ്ഥലം വിട്ടുകൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ ശാന്തമാകുമ്പോൾ മാത്രമേ അവർ മടങ്ങിവരൂ," ഒരു സൈക്കിൾ റിപ്പയര്‍ ഷോപ്പുകാരൻ പറഞ്ഞു. അതേസമയം, ഗ്രാമത്തിലുടനീളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. പൊലീസ് പ്രധാന പ്രതിയെന്ന് ആരോപിക്കുന്ന ഖാദിറിന്‍റെ ഇരുനില വീടിന് പുറത്ത് 20-25 പൊലീസുകാരുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ 22 ക്രിമിനൽ കേസുകൾ ഉണ്ടെന്ന് ഗാസിയാബാദ് പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News