2ജി കേസിൽ മൻമോഹൻ സിങ്ങിനെ ഒഴിവാക്കാൻ സമ്മർദം; മാപ്പു പറഞ്ഞ് മുൻ സിഎജി വിനോദ് റായ്

കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം സമർപ്പിച്ച അപകീർത്തി കേസിലാണ് റായ് മാപ്പു പറഞ്ഞത്.

Update: 2021-10-28 10:22 GMT
Editor : abs | By : Web Desk

മുംബൈ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട 2ജി സ്‌പെക്ട്രം വിവാദത്തിൽ നിരുപാധികം മാപ്പു ചോദിച്ച് മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്. കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം സമർപ്പിച്ച അപകീർത്തി കേസിലാണ് റായ് മാപ്പു പറഞ്ഞത്.

2 ജി സ്‌പെക്ട്രം റിപ്പോർട്ടിൽ നിന്ന് മൻമോഹൻ സിങ്ങിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സഞ്ജയ് നിരുപമും മറ്റു ചില എംപിമാരും തനിക്കു മേൽ സമ്മർദം ചെലുത്തി എന്നാണ് വിനോദ് റായ് ആരോപിച്ചിരുന്നത്. 2014ൽ നൽകിയ അഭിമുഖത്തിലായിരുന്നു ആരോപണം. ഇതിനെതിരെയാണ് നിരുപം കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. 

Advertising
Advertising

'ഡൽഹി പാട്യാല കോടതിയിൽ ഞാൻ സമർപ്പിച്ച അപകീർത്തി കേസിൽ ഒടുവിൽ മുൻ സിഎജി വിനോദ് റായ് നിരുപാധികം മാപ്പുപറഞ്ഞിരിക്കുന്നു. യുപിഎ സർക്കാറിന്റെ കാലത്തെ 2ജി സ്‌പെക്ട്രം, കൽക്കരി ലേലം എന്നിവയുമായി ബന്ധപ്പെട്ട കൃത്രിമ റിപ്പോർട്ടുകൾക്ക് അദ്ദേഹം രാഷ്ട്രത്തോട് മാപ്പു പറയണം' - കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് നിരുപം ആവശ്യപ്പെട്ടു. 

ടൈംസ് നൗ വാർത്താ ചാനലിൽ അർണബ് ഗോസ്വാമി, ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിനു വേണ്ടി സാഗരിക ഘോഷ് എന്നിവർക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദ് റായ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. സഞ്ജയ് നിരുപമിന് പുറമേ, കോൺഗ്രസ് എംപിമാരായ അശ്വിനി കുമാറും സന്ദീപ് ദീക്ഷിത്തും മൻമോഹനു വേണ്ടി ഇടപെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. റായ് നുണ പറയുകയാണ് എന്നാണ് തുടക്കം മുതൽ തന്നെ സഞ്ജയ് നിരുപം നിലപാടെടുത്തിരുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News