ബിജെപിയുടെ സീറ്റുകൾ കുറയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു: അഖിലേഷ് യാദവ്

പൊതുതാൽപ്പര്യത്തിനായുള്ള പോരാട്ടം വിജയിക്കുമെന്ന് അഖിലേഷ് യാദവ്

Update: 2022-03-11 05:44 GMT

വോട്ടര്‍മാരോട് നന്ദി പറഞ്ഞ് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണവും വോട്ട് ഷെയറും വർധിപ്പിച്ചതിന് നന്ദിയെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിജെപിയുടെ സീറ്റുകൾ കുറയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു. ഈ കുറയ്ക്കല്‍ തടസ്സമില്ലാതെ തുടരുമെന്നാണ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ ഇത്തവണ ബിജെപിയോട് പൊരുതിനിന്നത് എസ്.പി മാത്രമാണ്. കരുത്തുറ്റ പ്രതിപക്ഷമാകാന്‍ കഴിയും വിധത്തില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എസ്പിക്ക് കഴിഞ്ഞു. 125 സീറ്റുകളിലാണ് എസ്.പി ഇത്തവണ വിജയിച്ചത്. 2017ൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടപ്പോൾ എസ്പി 21.28 ശതമാനം വോട്ടോടെ 47 സീറ്റുകള്‍ മാത്രമാണ് നേടിയത്. ഇത്തവണ സഖ്യമില്ലാതെ മത്സരിച്ച ബിഎസ്പിയും കോണ്‍ഗ്രസും നിലംപരിശായി.

Advertising
Advertising

"ഞങ്ങളുടെ സീറ്റ് രണ്ടര മടങ്ങും വോട്ട് ശതമാനം ഒന്നര ഇരട്ടിയും വർധിപ്പിച്ചതിന് യു.പിയിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇതിനിയും തുടരും. പകുതിയിലധികം കള്ളങ്ങള്‍ പൊളിഞ്ഞു. ബാക്കിയുള്ളത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ സംഭവിക്കും. പൊതുതാൽപ്പര്യത്തിനായുള്ള പോരാട്ടം വിജയിക്കും"- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

ആദ്യമായി നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഖിലേഷ് യാദവ് കർഹാൽ സീറ്റിൽ വിജയിച്ചു. 1,47,237 വോട്ടുകള്‍ നേടിയാണ് അഖിലേഷ് വിജയിച്ചത്. ബിജെപി നേതാവ് എസ് പി സിങ് ബാഗേലാണ് ഇവിടെ രണ്ടാമത്. 80,455 വോട്ടുകളാണ് ലഭിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News