തൃണമൂല്‍ കോണ്‍ഗ്രസിനെ ത്രിപുരയിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്‌

അവസാനമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനമായിരുന്ന കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 1.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.

Update: 2021-08-01 14:47 GMT
Editor : Suhail | By : Web Desk
Advertising

തൃണമൂല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് ത്രിപുര കോണ്‍ഗ്രസ്. ഏതു ബി.ജെ.പി വിരുദ്ധ ശക്തികളെയും ത്രിപുരയിലേക്ക് സ്വാഗതം ചെയ്യുന്നതായി ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പീയൂഷ് കാന്ത് ബിശ്വാസ് പറഞ്ഞു.

ഡല്‍ഹിയില്‍ എത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ്, ബി.ജെ.പി വിരുദ്ധ കക്ഷിയില്‍ അണിചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ കക്ഷണിച്ചത്. ത്രിപുരയില്‍ വന്ന് ഒറ്റക്ക് ഒന്നും ചെയ്യാന്‍ തൃണമൂലിന് സാധിക്കില്ല. എന്നാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്താല്‍ ബി.ജെ.പിയുടെ ദുര്‍ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാം. എന്നാല്‍, തൃണമൂലുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ബിശ്വാസ് വ്യക്തമായ മറുപടി നല്‍കിയില്ല.

സഖ്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് സോണിയാ ഗാന്ധിയാണ്. 2023ല്‍ ബി.ജെ.പി ഒരു തരത്തിലും അധികാരത്തിലേറില്ല. അവരെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ നേതൃത്വം നല്‍കുമെന്നതാണ് ചോദ്യം. ആത്മാര്‍ഥമായി എത്തുന്നവരെ ത്രിപുരയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും പിയൂഷ് ബിശ്വാസ് പറഞ്ഞു.

നിലവില്‍ ത്രിപുരയിലെ കോണ്‍ഗ്രസിന്റെ അവസ്ഥ അതീവ പരിതാപകരമാണ്. അവസാനമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനമായിരുന്ന കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 1.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍, അന്നത്തെ തിരിച്ചടി പ്രത്യേക സാഹചര്യത്തിലുണ്ടായതാണെന്നായിരുന്നു പിയൂഷ് ബിശ്വാസ് പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവും എം.എല്‍.എമാരുമുള്‍പ്പടെ എല്ലാവരും ബി.ജെ.പിയില്‍ ചേരുകയായിരുന്നു. സി.പി.എം ദുര്‍ഭരണം അവസാനിപ്പിക്കണമെന്നതായിരുന്നു എല്ലാവരുടെയും ലക്ഷ്യം. എന്നാല്‍, തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പിസമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News