നഗരത്തിലിറങ്ങിയ പുള്ളിപ്പുലിക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത് ?
നഗരത്തിൽ 'പുള്ളിപ്പുലിയെ ഇറക്കിയ' യുവാവ് പിടിയിൽ
ലഖ്‌നൗ: കുറച്ച് ദിവസങ്ങളായി ലഖ്‌നൗ നഗരവാസികൾ പരിഭ്രാന്തരായിരുന്നു. നഗരവീഥികളിലൂടെ പുള്ളിപ്പുലി നടന്നു പോവുന്ന ചിത്രങ്ങളാണ് ലഖ്‌നൗ വാസികളെ പരിഭാന്ത്രരാക്കിയിരുന്നത്. വിവരം അധികൃതരും അറിഞ്ഞു, നഗരത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാൻ വനം വകുപ്പും പൊലീസും രംഗത്തിറങ്ങി. അന്വേഷണം പുരോഗമിക്കവേ നഗരത്തിൽ 'പുള്ളിപ്പുലിയെ ഇറക്കിയ' യുവാവ് പിടിയിലായി എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
കഴിഞ്ഞയാഴ്ചയാണ് നഗരത്തിൽ പുള്ളിപ്പുലി എന്നരീതിയിലുള്ള വിഡിയോ പ്രചരിച്ച് തുടങ്ങിയത്. ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വിഡിയോ കണ്ട സമീപവാസികൾ പരിഭ്രാന്തരായി. പലരും മക്കളെ വീടിന് പുറത്തേക്ക് പോലും ഇറക്കിയിരുന്നില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആരംഭിച്ചു. ഇതിനിടെ പൊലീസും വനം വകുപ്പ് അധികൃതരുടേയും നേതൃത്വത്തിലുള്ളൽ പരിശോധനയും ആരംഭിച്ചു. പുള്ളിപ്പുലി നഗരത്തിൽ ഇറങ്ങിയതിന്റെ തെളിവൊന്നും വനം വകുപ്പ് അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് പ്രചരിച്ച ദൃശ്യങ്ങൾ വ്യാജമാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പൊലീസ് കസ്റ്റഡിയിലുമായിട്ടുണ്ട്.
ദൃശ്യങ്ങൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചവയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ നിർമ്മിച്ച ആളെ കണ്ടെത്താൻ പൊലീസിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല എന്നാണ് വിവരം. പുലി റോഡിലൂടെ നടന്നു പോവുന്ന ദൃശ്യം പശ്ചാത്തലമാക്കി ബാൽക്കണിയിൽ നിന്ന് സെൽഫി എടുത്താണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.യുവാവിന്റെ ഈ പ്രവൃത്തിക്കെതിരെ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലടക്കം രംഗത്തുവന്നിരിക്കുന്നത്.