ലോക്സഭാ എം.പിയുടെ ശമ്പളവും ആനുകൂല്യവും എത്രയാണ് ​?

പ്രതിമാസ ശമ്പളത്തിന് പുറമെ ലക്ഷങ്ങളുടെ ആനൂകൂല്യങ്ങളാണ് എം.പിക്ക് ഒരു മണ്ഡലത്തിൽ​ പ്രവർത്തിക്കുന്നതിന് ലഭിക്കുന്നത്

Update: 2024-06-07 15:05 GMT

പതിനെട്ടാം ലോക്സഭയി​ലേക്കുള്ള തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞതോടെ ഓരോ മണ്ഡലത്തിന്റെയും ജനപ്രതിനിധിയാരെന്ന് അറിഞ്ഞു കഴിഞ്ഞു.543 പ്രതിനിധികളാണ് ​രാജ്യത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തുന്നത്. എന്നാൽ ഒരു മാസം എം.പിക്ക് എല്ലാ അലവൻസും ചേർത്ത് 2,30,0000 രൂപ ലഭിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.

ശമ്പളം

ഒരു എം.പിക്ക് പ്രതിമാസം അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത് ഒരുലക്ഷം രൂപയാണ്. 2018 ൽ നടത്തിയ വർദ്ധനവിലാണ് ഒരു ലക്ഷം രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത്.

മണ്ഡലം അലവൻസ്

എംപിമാർക്ക് മണ്ഡലം അലവൻസായി പ്രതിമാസം 70,000 രൂപ ലഭിക്കും. ഇത് ഓഫീസുകൾ പരിപാലിക്കാനും മറ്റ് ചെലവുകൾക്കുമായി ഉപയോഗിക്കാം.

Advertising
Advertising

ഓഫീസ് ചെലവുകൾ

ഓഫീസ് ചെലവുകൾക്കായി പ്രതിമാസം 60,000 രൂപയാണ് നൽകുന്നത്.ജീവനക്കാരുടെ ശമ്പളം,സ്റ്റേഷനറി,ടെലികമ്യൂണിക്കേഷൻ എന്നിവക്ക് വരുന്ന ചെലവുകൾ അതിൽ നിന്ന് ഉപയോഗിക്കാം.

പ്രതിദിന അലവൻസ്

പാർലമെൻ്ററി സെഷനുകളിലും കമ്മിറ്റി മീറ്റിങുകളിലും പ​ങ്കെടുക്കാനായി എം.പിമാർ തലസ്ഥാനത്തെത്തുമ്പോൾ താമസം,ഭക്ഷണം എന്നിവയ്ക്കായി പ്രതിദിനം 2,000 രൂപ അലവൻസ് ലഭിക്കും.

യാത്രാ ബത്ത

എം.പിമാർക്കും അടുത്ത കുടുംബങ്ങൾക്കും പ്രതിവർഷം സൗജന്യമായി 34 ആഭ്യന്തര വിമാന യാത്രകൾ നടത്താം.ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി അവർക്ക് ട്രെയിനിൽ ഫസ്റ്റ് ക്ലാസ് കോച്ചിൽ സൗജന്യമായി യാത്ര നടത്താം.മണ്ഡലത്തിലെ റോഡ് യാത്രക്ക് മൈലേജ് അലവൻസ് ​​ലഭിക്കും.

വീട്

എം.പിമാർക്ക് അവരുടെ കാലയളവായ അഞ്ച് വർഷം പ്രധാന നഗരങ്ങളിൽ സൗജന്യ താമസസൗകര്യം നൽകും.സീനിയോറിറ്റി അനുസരിച്ച് സർക്കാർ ബംഗ്ലാവുകളോ ഫ്ലാറ്റുകളോ ഹോസ്റ്റൽ മുറികളോ ലഭിക്കും. ഔദ്യോഗിക വസതികൾ ഉപയോഗിക്കാത്തവർക്ക് പ്രതിമാസം 2,00,000 രൂപ ഭവന അലവൻസ് ലഭിക്കും.

ചികിത്സ

എം.പിമാർക്കും അവരുടെ അടുത്ത കുടുംബങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് സ്കീമിന് (സി.ജി.എച്ച്.എസ്) കീഴിൽ സൗജന്യ ചികിത്സ ലഭിക്കും.സർക്കാർ ആശുപത്രികളിലെ ചികിത്സയോ അല്ലെങ്കിൽ ഹെൽത്ത് സ്കീം പദ്ധതിയിൽ പെട്ട സ്വകാര്യ ആശുപത്രികളിലോ ചികിത്സ​ തേടാം.

പെൻഷൻ

ഒരു തവണ എം.പി (5 വർഷം) ആയാൽ പ്രതിമാസം 25,000 രൂപ പെൻഷൻ ലഭിക്കും. ഓരോ അധിക സേവന വർഷത്തിനും പ്രതിമാസം 2,000 രൂപ വീതം ഇൻക്രിമെന്റും ലഭിക്കും.

ഫോൺ-ഇൻ്റർനെറ്റ്

എം.പിമാർക്ക് പ്രതിവർഷം 1,50,000 രൂപയുടെ സൗജന്യ ടെലഫോൺ കോളുകൾ വിളിക്കാം. ഇതിനുപുറമെ വസതികളിലും ഓഫീസുകളിലും അവർക്ക് സൗജന്യമായി ഇൻ്റർനെറ്റ് കണക്ഷനുകളും ലഭിക്കും.

വെള്ളം,വൈദ്യുതി

എംപിമാർക്ക് 50,000 യൂനിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റർ വെള്ളവും നൽകും.

പ്രധാനമന്ത്രിക്കും ക്യാബിനറ്റ് മന്ത്രിമാർക്കും അധിക അലവൻസ്

പ്രധാനമന്ത്രിക്ക് 3000 രൂപയും ക്യാബിനറ്റ് മന്ത്രിമാർക്ക് 2000 രൂപയും പ്രതിമാസം പ്രത്യേക അലവൻസ് ലഭിക്കും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News