നിതിൻ നബിൻ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ്

ബിഹാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ നിതിൻ പട്‌നയിലെ ബങ്കിപൂരിൽ നിന്നുള്ള എംഎൽഎ ആണ്

Update: 2025-12-14 12:49 GMT

ന്യൂഡൽഹി: ബിഹാർ മന്ത്രി നിതിൻ നബിനെ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമനത്തിന് പാർട്ടി പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയതായി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ബിഹാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ നിതിൻ പട്‌നയിലെ ബങ്കിപൂരിൽ നിന്നുള്ള എംഎൽഎ ആണ്.

നിലവിലെ ദേശീയ പ്രസിഡന്റായ ജെ.പി നദ്ദയുടെ കാലാവധി ഇതിനകം പൂർത്തിയായിട്ടുണ്ട്. 2020 ജനുവരിയിലാണ് നദ്ദ ദേശീയ പ്രസിഡന്റായത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കാനുള്ള സാഹചര്യത്തിൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകുകയായിരുന്നു. ആഴ്ചകൾക്കുള്ളിൽ നദ്ദ സ്ഥാനമൊഴിയുമെന്നാണ് വിവരം. അതിന് മുന്നോടിയായാണ് നിതിനെ വർക്കിങ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്.

ബിഹാറിൽ നിന്നുള്ള ബിജെപി നേതാവാണ് നിതിൻ നബിൻ. പട്‌നയിൽ ജനിച്ച നിതിൻ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ പരേതനായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ്. പിതാവിന്റെ മരണശേഷമാണ് നിതിൻ നബിൻ രാഷ്ട്രീയരംഗത്ത് സജീവമായത്.

2006ലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം 2010, 2015, 2020, 2025 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നബിൻ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബങ്കിപൂരിൽ നിന്ന് 51,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിതിൻ നബിൻ തിരഞ്ഞെടുക്കപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News